റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ചര്‍ച്ച നടത്തി. റിയാദില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ പ്രത്യേക യോഗത്തോടനുബന്ധിച്ചാണ് സൗദി കിരീടാവകാശിയും ഫലസ്തീന്‍ പ്രസിഡന്റും ചര്‍ച്ച നടത്തിയത്. ഗാസ യുദ്ധം, സാധാരണക്കാരുടെ ജീവനും മേഖലാ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന നിലക്ക് സ്ഥിതികള്‍ വഷളാകുന്നതിനെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു.
യുദ്ധം അവസാനിപ്പിക്കാനും സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതെ നോക്കാനും മുഴുവന്‍ അന്തര്‍ദേശീയ, പ്രാദേശിക കക്ഷികളുമായും ആശയ വിനിമങ്ങള്‍ നടത്തി സൗദി അറേബ്യ സര്‍വ ശ്രമങ്ങളും നടത്തുന്നതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ സൗദി അറേബ്യ പൂര്‍ണമായും നിരാകരിക്കുന്നു. മാന്യമായ ജീവിതത്തിനുള്ള നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കാനും പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാല്‍ക്കരിക്കാനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കാനും സൗദി അറേബ്യ എക്കാലവും ഫലസ്തീന്‍ ജനതക്കൊപ്പം നിലയുറപ്പിക്കുമെന്നും സൗദി കിരീടാവകാശി പറഞ്ഞു.
സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, രഹസ്യാന്വേഷണ ഏജന്‍സി മേധാവി ഖാലിദ് അല്‍ഹുമൈദാന്‍, ജോര്‍ദാനിലെയും ഫലസ്തീനിലെയും സൗദി അംബാസഡറായ നായിഫ് അല്‍സുദൈരി എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ശരീഫ്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് കാമറൂണ്‍, അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ എന്നിവരുമായും സൗദി കിരീടാവകാശി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group