ജറൂസലം– വിശ്വാസികളുടെ മനസ്സുകളെ കുളിരണിയിച്ച് 40 ദിവസങ്ങള്‍ക്ക് ശേഷം അല്‍അഖ്സ മസ്ജിദ് വീണ്ടും തുറന്നു. ഇറാനുമായുള്ള യുദ്ധം മൂലം അടച്ചുപൂട്ടി 40 ദിവസങ്ങള്‍ക്ക് ശേഷം അല്‍അഖ്സ മസ്ജിദില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ ഇന്ന് പ്രഭാത നമസ്‌കാരം നിര്‍വഹിച്ചതായി ജറൂസലം ഗവര്‍ണറേറ്റ് അറിയിച്ചു. ഇറാനില്‍ അമേരിക്കയുമായി ചേര്‍ന്നുള്ള സംയുക്ത ആക്രമണം ആരംഭിച്ചതോടെ ഫെബ്രുവരി 28 മുതല്‍ ഇസ്രായില്‍ അധികൃതര്‍ ജറൂസലമിലെ മതപരമായ സ്ഥലങ്ങള്‍ അടച്ചു. വിശുദ്ധ റമദാന്‍ മാസത്തിന്റെ തുടക്കത്തോടെയായിരുന്നു ഇത്. ഇതുമൂലം മുസ്ലിംകള്‍ക്ക് പള്ളിയില്‍ തറാവീഹ് നമസ്‌കാരങ്ങളും ഈദ് അല്‍ഫിതര്‍ നമസ്‌കാരവും നടത്താന്‍ കഴിഞ്ഞില്ല.
ഇന്നലെ പുലര്‍ച്ചെ മുതല്‍ ഇറാനുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന്, ജറൂസലമില്‍ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശനങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കുമായി വീണ്ടും തുറക്കുമെന്ന് ബുധനാഴ്ച വൈകുന്നേരം ഇസ്രായില്‍ പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഏകദേശം 3,000 വിശ്വാസികള്‍ അല്‍അഖ്‌സ മസ്ജിദില്‍ പ്രഭാത നമസ്‌കാരം നിര്‍വഹിച്ചതായി ജറൂസലം ഗവര്‍ണറേറ്റ് വ്യക്തമാക്കി.
അല്‍അഖ്സ കോമ്പൗണ്ടിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ വന്‍തോതില്‍ ഇസ്രായിലി പോലീസിനെ വിന്യസിച്ചിരുന്നു. പഴയ നഗരത്തിലെ ഹിത്ത ഗേറ്റിലൂടെ പള്ളിയുടെ മുറ്റത്തേക്ക് ഒഴുകിയെത്തിയ വിശ്വാസികളുടെ ഐ.ഡി കാര്‍ഡുകള്‍ അവര്‍ പരിശോധിച്ചു. അല്‍അഖ്‌സ മസ്ജിദ് മുറ്റങ്ങളില്‍ വിശ്വാസികള്‍ വികാരാധീനരായി. ചിലര്‍ക്ക് കണ്ണുനീര്‍ അടക്കാനായില്ല. ഖിബ്‌ലി പ്രാര്‍ഥനാ ഹാളിന്റെ പ്രവേശന കവാടത്തില്‍ നിന്ന ഒരാള്‍ ടിഷ്യൂകള്‍ വിതരണം ചെയ്തു.
ഇത്രയും നീണ്ട അഭാവത്തിന് ശേഷം അല്‍അഖ്സ സന്ദര്‍ശിക്കുന്നത് പെരുന്നാള്‍ പോലെയാണെന്ന്, ജറൂസലമിന് വടക്കുള്ള കഫര്‍ അഖബ് പ്രദേശത്തുനിന്ന് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം എത്തിയ സൂസന്‍ അല്ലാം പറഞ്ഞു. ഞങ്ങളുടെ ഹൃദയം ദുഃഖഭാരത്തിലായിരുന്നു. ഞങ്ങള്‍ പുലര്‍ച്ചെ 4:00 മണിക്ക് ഉണര്‍ന്നു. ഇന്ന് ഞങ്ങളുടെ പെരുന്നാളാണ്, ദൈവത്തിന് നന്ദി – വെളുത്ത നിഖാബ് ധരിച്ച സൂസന്‍ അല്ലാം പറഞ്ഞു. അല്‍അഖ്‌സ മസ്ജിദ് തന്റെ ആദ്യ വീട് ആണെന്നും അതിന്റെ മുറ്റങ്ങളിലാണ് താന്‍ വളര്‍ന്നതെന്നും അല്‍അഖ്സയുടെ അയല്‍ക്കാരന്‍ എന്ന് പറഞ്ഞ ഹംസ അല്‍അഫ്ഗാനി എന്ന യുവാവ് പറഞ്ഞു. തന്റെ സന്തോഷം അവര്‍ണ്ണനീയമാണെന്നും യുവാവ് വ്യക്തമാക്കി.
അല്‍അഖ്സ പള്ളി അടച്ചുപൂട്ടിയത് തങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചതായും ഒരു ജയിലില്‍ കഴിയുന്നത് പോലെയാണ് ഇക്കാലത്ത് തങ്ങള്‍ക്ക് തോന്നിയതെന്നും പഴയ നഗരത്തിലെ കൗണ്‍സില്‍ ഗേറ്റിന് സമീപം താമസിക്കുന്ന, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു സ്ത്രീ പറഞ്ഞു. അല്‍അഖ്‌സ പള്ളി ജറൂസലമിന്റെ ആത്മാവാണ്. മസ്ജിദ് വീണ്ടും അടച്ചുപൂട്ടില്ലെന്ന് പ്രതീക്ഷിക്കുന്നതായി മകളോടൊപ്പം അല്‍അഖ്‌സയിലെത്തിയ സ്ത്രീ വ്യക്തമാക്കി.



