* രണ്ടു മാസത്തിനകം മലപ്പുറത്തും മംഗലാപുരത്തും പുതിയ വി.എഫ്.എസ് കേന്ദ്രങ്ങള്‍
* തിരുവനന്തപുരം വി.എഫ്.എസ് ഗ്ലോബലില്‍ വൈകാതെ സൗദി വിസാ സൗകര്യം
ജിദ്ദ: കേരളത്തില്‍ നിന്ന് സൗദിയിലേക്കുള്ള വിസിറ്റിംഗ്, ഫാമിലി, ടൂറിസ്റ്റ്
വിസാനടപടികള്‍ക്കായുള്ള അപേക്ഷകരുടെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് വി.എഫ്.എസ് (വിസാ ഫെസിലിറ്റേഷന്‍ സര്‍വീസ്) സൗദി വിസാ സ്റ്റാംപിംഗ് കേന്ദ്രത്തിന്റെ മൂന്നാമത്തെ ശാഖ വൈകാതെ മലപ്പുറത്ത് ആരംഭിക്കുമെന്നറിയുന്നു. അത്യുത്തരകേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന തരത്തില്‍ മംഗലാപുരം കേന്ദ്രമായും വി.എഫ്.എസിന്റെ പുതിയ കേന്ദ്രം തുടങ്ങും.
മലപ്പുറം, മംഗലാപുരം വി.എഫ്.എസ് സൗദി വിസാ സ്റ്റാംപിംഗ് കേന്ദ്രങ്ങളുടെ കടലാസ് ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായതായും രണ്ടുമാസത്തിനകം തന്നെ പ്രവര്‍ത്തനം ആരംഭിക്കാനാണുദ്ദേശിക്കുന്നതെന്നും വി.എഫ്.എസ് ഗ്ലോബലിന്റെ കേരളത്തില്‍ നിന്നുള്ള വക്താക്കളില്‍ നിന്ന് സൂചന ലഭിച്ചു.
ഹജ് സീസണ്‍ അവസാനിക്കുന്നതോടെ മലപ്പുറത്തെ വി.എഫ്.എസ് സൗദി സ്റ്റാംപിംഗ് കേന്ദ്രം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സൗദിയിലേക്കുള്ള നൂറുക്കണക്കിന് പുതിയ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കാനുദ്ദേശിച്ച് കൊച്ചിയിലാരംഭിച്ച വി.എഫ്.എസ് സൗദി സ്റ്റാംപിംഗ് കേന്ദ്രത്തിന്റെ പരിമിതികളെക്കുറിച്ചും അപര്യാപ്തതകളെക്കുറിച്ചുമുയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് 2023 ജൂലൈ 10 ന് കോഴിക്കോട്ട് വി.എഫ്.എസ് സൗദി വിസാ സ്റ്റാംപിംഗ് കേന്ദ്രമാരംഭിച്ചത്.
കോഴിക്കോട് പുതിയറ മിനിബൈപാസിലെ സെന്‍ട്രല്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിലിപ്പോള്‍ ശരാശരി 2200- 2500 അപേക്ഷകളിലാണ് പ്രതിദിനം തീരുമാനമുണ്ടാകുന്നത്. ഇത്രയും അപേക്ഷകരുടെ ആവശ്യം പരിഹരിക്കാനുള്ള സംവിധാനത്തിന്റെ പരിമിതിയും ഒപ്പം അപേക്ഷയുമായെത്തുന്ന കുടുംബങ്ങളുള്‍പ്പെടെയുള്ളവരുടെ കാത്തിരിപ്പും മറ്റ് അസൗകര്യങ്ങളുമെല്ലാം കണക്കിലെടുത്താണ് ഏറ്റവുമധികം അപേക്ഷകരുള്ള ജില്ലയായ മലപ്പുറം ആസ്ഥാനമാക്കി മൂന്നാമത്തെ വി.എഫ്.എസ് കേന്ദ്രത്തിന് വി.എഫ്.എസ് സജ്ജമായത്.
അതോടൊപ്പം തിരുവനന്തപുരം കഴക്കൂട്ടത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വി.എഫ്.എസ് ഗ്ലോബലില്‍ സൗദി വിസാ സ്റ്റാംപിംഗ് കേന്ദ്രം ആരംഭിക്കാനും ആലോചനയുണ്ട്. ഇക്കാര്യത്തില്‍ പക്ഷേ അന്തിമതീരുമാനമായിട്ടില്ല.