തെഹ്റാൻ– ഇറാൻ റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് സർവീസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്രായിലും സംയുക്തമായി നടത്തിയ ഭീകരാക്രമണത്തിലാണ് ഖാദമി കൊല്ലപ്പെട്ടതെന്ന് റെവല്യൂഷണറി ഗാർഡിന്റെ പ്രസ്താവന ഉദ്ധരിച്ച് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2025-ൽ മുൻഗാമി ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മജീദ് ഖാദമി ഇന്റലിജൻസ് വിഭാഗത്തിന്റെ തലവനായി ചുമതലയേറ്റത്.
ഇറാൻ സുരക്ഷാ വകുപ്പിൽ പതിറ്റാണ്ടുകളായി ഇന്റലിജൻസ്, കൗണ്ടർ ഇന്റലിജൻസ് മേഖലകളിൽ പ്രവർത്തിച്ചു വരികയായിരുന്ന ഖാദമി, രാജ്യത്തെ ഏറ്റവും പ്രമുഖരായ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. ഇന്റലിജൻസ് മേധാവിയായി നിയമിതനാകുന്നതിന് മുൻപ് ആഭ്യന്തര നിരീക്ഷണത്തിന്റെയും കൗണ്ടർ ഇന്റലിജൻസിന്റെയും ചുമതലയുള്ള റെവല്യൂഷണറി ഗാർഡിന്റെ ‘ഇന്റലിജൻസ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ’ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഇറാൻ പ്രതിരോധ മന്ത്രാലയത്തിലും അദ്ദേഹം നിർണായക പദവികൾ വഹിച്ചിരുന്നു.
ഇറാനിലെ ഏറ്റവും ശക്തമായ സുരക്ഷാ ഏജൻസികളിലൊന്നായ റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് സർവീസിന്, വിദേശ സ്വാധീനങ്ങളെ ചെറുക്കുന്നതിലും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിലും വലിയ പങ്കാണുള്ളത്. ദേശീയ സുരക്ഷാ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഈ വിഭാഗത്തിന്റെ തലവൻ കൊല്ലപ്പെട്ടത് ഇറാന്റെ സുരക്ഷാ മേഖലയ്ക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ വഷളാകാൻ ഈ സംഭവം കാരണമായേക്കും.



