കാബൂൾ– വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദഖ്ഷാൻ പ്രവിശ്യ പ്രഭവകേന്ദ്രമായി ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 12 മരണം. മരണപ്പെട്ടവരിൽ എട്ടു പേർ കാബൂൾ പ്രവിശ്യയിലെ ഗോസ്ഫന്ദ് ദാരയിൽ നിന്നുള്ള ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ദുരന്തത്തിന്റെ നടുക്കുന്ന വാർത്തകൾക്കിടയിലും, തകർന്നുവീണ വീടിനുള്ളിൽ നിന്ന് രണ്ടു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കുട്ടി മാത്രമാണ് ആ കുടുംബത്തിൽ ഇപ്പോൾ അവശേഷിക്കുന്നത്.
വെള്ളിയാഴ്ച രാത്രി 8:42-ഓടെയാണ് രാജ്യം വിറച്ച ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഭൂമിക്കടിയിൽ 186 കിലോമീറ്റർ ആഴത്തിലാണ് സംഭവിച്ചതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. തലസ്ഥാനമായ കാബൂളിലടക്കം പ്രകമ്പനം ദീർഘനേരം നീണ്ടുനിന്നു. പടിഞ്ഞാറൻ കാബൂളിലുണ്ടായ മറ്റ് അപകടങ്ങളിൽ നാല് പേർ കൂടി മരിച്ചതായി റെഡ് ക്രസന്റ് സൊസൈറ്റി സ്ഥിരീകരിച്ചു.
ഭൂചലനത്തിന്റെ ആഘാതത്തിൽ അഞ്ച് വീടുകൾ പൂർണ്ണമായും നിലംപൊത്തി. കാബൂൾ, പഞ്ച്ഷീർ, ലോഗർ, നംഗർഹാർ, ലഗ്മാൻ, നൂറിസ്ഥാൻ തുടങ്ങിയ പ്രവിശ്യകളിലായി മുപ്പതോളം വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ആകെ 40 ഓളം കുടുംബങ്ങളെ ദുരന്തം നേരിട്ട് ബാധിച്ചതായാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റ നാല് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
യൂറേഷ്യൻ, ഇന്ത്യൻ ഭൂഫലകങ്ങൾ സംഗമിക്കുന്ന ഹിന്ദുക്കുഷ് മലനിരകൾക്ക് സമീപമായതിനാൽ അഫ്ഗാനിസ്ഥാനിൽ ഭൂചലനങ്ങൾ പതിവാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ഉണ്ടായ അതിശക്തമായ ഭൂചലനം രണ്ടായിരത്തിലധികം ജീവനുകൾ കവർന്നതിന്റെ ഞെട്ടൽ മാറും മുൻപേയാണ് വീണ്ടും ദുരന്തം ആവർത്തിക്കുന്നത്.



