കല്‍പ്പറ്റ – വയനാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ട കൊലപാതക കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. കല്‍പ്പറ്റ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പത്മാലയത്തില്‍ കേശവന്‍, ഭാര്യ പത്മാവതി എന്നിവരാണ് മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷനും അന്വേഷണസംഘവും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പ്രതികരിച്ചു.
നാടുനടങ്ങിയ ഇരട്ടകൊലപാതകം ആയിരുന്നു നെല്ലിയാമ്പത്തേത് . ഒരു തുമ്പും ഇല്ലാതിരുന്ന കേസില്‍ പഴുതടച്ച അന്വേഷണമാണ് പ്രതി അര്‍ജുനിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും ശരിവെക്കുന്നതായിരുന്നു കല്‍പ്പറ്റ കോടതിയുടെ ശിക്ഷാവിധി. കൊലക്കുറ്റത്തിന് വധ ശിക്ഷ വിധിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറലിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തെളിവ് നശിപ്പിക്കലിന് 6 വര്‍ഷം തടവും ഒരു ലക്ഷം രൂപയും പിഴയൊടുക്കണം.
2021 ജൂണ്‍ 10 ന് രാത്രി എട്ടരയോടെ ആയിരുന്നു കൊലപാതകം നടന്നത്. പത്മാലയത്തില്‍ കേശവന്‍ ഭാര്യ പത്മാവതി എന്നിവരാണ് മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. മാനന്തവാടി ഡി വൈ എസ് പി ആയിരുന്ന എ പി ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മോഷണത്തിനായാണ് അയല്‍വാസിയും നെല്ലിയമ്പം കായക്കുന്ന് സ്വദേശിയുമായ അര്‍ജുന്‍ ദമ്പതികളെ കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സണ്ണി പോളും അഡ്വ. പി.എം. സുമേഷും ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group