മലപ്പുറം – തന്റെ വീടിനെ ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗ് പാർട്ടിക്കും നേതാക്കൾക്കും നന്ദി അറിയിച്ച് ഡോ. എം. കെ. മുനീർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നന്ദി രേഖപ്പെടുത്തിയത്.
കുടുംബം വലിയൊരു സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോയപ്പോൾ ‘വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്’ എന്ന ഉറച്ച വാക്കുകളുമായി ലീഗ് നേതൃത്വം ഒപ്പം നിന്നുവെന്ന് മുനീർ പറഞ്ഞു. തനിക്ക് ആത്മവിശ്വാസം നൽകിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും, ജ്യേഷ്ഠനെപ്പോലെ കൂടെനിന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി.
പാർട്ടിയുടെ സഹായത്തോടെ വീടിന്റെ കടബാധ്യതകളിൽ നിന്ന് മോചനം ലഭിച്ചതിൽ തന്റെ കുടുംബം എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഉമ്മയും വാപ്പയും (സി.എച്ച്. മുഹമ്മദ് കോയ) അന്ത്യവിശ്രമം കൊള്ളുന്ന ആ മണ്ണ് സംരക്ഷിക്കപ്പെട്ടതിൽ വലിയ ആശ്വാസമുണ്ടെന്ന് മുനീർ തന്റെ കുറിപ്പിൽ വ്യക്തമാക്കി.
വീടിന്റെ പ്രശ്നങ്ങൾ വാർത്തയായപ്പോൾ ലോകത്തിന്റെ പല ഭാഗത്തുനിന്നും പരിചയം ഇല്ലാത്തവർ പോലും തന്നെ വിളിച്ച് ആശ്വസിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുവെന്നും ഇവരോടെല്ലാം കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണത്തേക്കാൾ വലുത് സ്നേഹവും ബന്ധങ്ങളുമാണെന്ന് പിതാവ് പഠിപ്പിച്ച പാഠം ഒരിക്കൽ കൂടി അനുഭവിച്ചറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. വീടിന്റെ അവസ്ഥ ലോകത്തെ അറിയിച്ച മാധ്യമ ഇടപെടലുകൾക്കും എം കെ മുനീർ നന്ദി അറിയിച്ചു.
https://www.facebook.com/share/p/18Qoqi4R4N



