തായ്‌യുവാൻ– വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ സ്കൂൾ കുട്ടികൾക്കിടയിൽ നോറോ വൈറസ് പടരുന്നു. പ്രവിശ്യാ തലസ്ഥാനമായ തായ്‌യുവാനിലെ സിയാവോഡിയൻ ജില്ലയിലുള്ള യുക്കായി പ്രൈമറി സ്കൂളിലാണ് കൂട്ടത്തോടെ രോഗബാധ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച രാവിലെ മുതൽ കുട്ടികൾക്ക് വ്യാപകമായി ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗബാധയെത്തുടർന്ന് നൂറിലധികം വിദ്യാർത്ഥികൾ നിലവിൽ ചികിത്സ തേടിയിരിക്കുകയാണെന്നും കൃത്യമായ കണക്കുകൾ ശേഖരിച്ചു വരികയാണെന്നും ജില്ലാ വിദ്യാഭ്യാസ ബ്യൂറോ അറിയിച്ചു. വൈറസ് പടരുന്ന സാഹചര്യത്തിൽ സ്കൂൾ ക്യാമ്പസ് താൽക്കാലികമായി അടച്ചിട്ടു. കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ അധ്യാപകർ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി അണുനശീകരണ പ്രവർത്തനങ്ങളും എപ്പിഡെമിയോളജിക്കൽ അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ നടന്നു വരികയാണെന്നും മുൻകരുതൽ നടപടികൾ കർശനമാക്കിയതായും അധികൃതർ വ്യക്തമാക്കി. മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും അതിവേഗം പടരുന്ന വൈറസായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു.



