തെഹ്റാൻ – ഇറാന്റെ യുദ്ധതന്ത്രങ്ങൾക്ക് ഇനി നേതൃത്വം നൽകുന്നത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫാണെന്ന് റിപ്പോർട്ട്. ഫെബ്രുവരി 28-ന് നടന്ന ഇസ്രായേൽ-യുഎസ് വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തല്ല അലി ഖാംനഇ കൊല്ലപ്പെട്ടതും, തുടർന്ന് ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വധിക്കപ്പെട്ടതും ഇറാൻ ഭരണകൂടത്തിൽ വലിയ വിടവ് സൃഷ്ടിച്ചിരുന്നു. പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഇ ചുമതലയേറ്റെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ മുൻ സീനിയർ കമാൻഡർ കൂടിയായ ഖാലിബാഫ് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും മുൻനിരയിലേക്ക് ഉയർന്നു വന്നത്.
മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളിൽ സജീവമായ ഖാലിബാഫിന് സിവിലിയൻ ഭരണത്തിലും സൈനിക നീക്കങ്ങളിലും ഒരുപോലെ അനുഭവസമ്പത്തുണ്ട്. മുൻപ് റെവല്യൂഷണറി ഗാർഡിന്റെ വ്യോമസേനാ തലവനായും തെഹ്റാൻ പോലീസ് മേധാവിയായും നഗരസഭാ മേയറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു പ്രായോഗികവാദിയായ നേതാവായി അറിയപ്പെടുമ്പോഴും, ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ അദ്ദേഹം സ്വീകരിച്ച കർക്കശ നിലപാടുകൾ പലപ്പോഴും വിവാദമായിരുന്നു.
നിലവിലെ സാഹചര്യത്തിൽ ഭരണകൂടത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാനും സൈനിക തന്ത്രങ്ങൾ മെനയാനും ഖാലിബാഫിനുള്ള കഴിവ് ഫർസാൻ സാബിതിനെപ്പോലെയുള്ള രാഷ്ട്രീയ നിരീക്ഷകർ എടുത്തുപറയുന്നുണ്ട്. തസ്‌നീം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ, നിലവിലെ യുദ്ധം മിഡിൽ ഈസ്റ്റിനെ പുനർനിർമ്മിക്കുമെന്നും അത് അമേരിക്കയുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാവില്ലെന്നും ഖാലിബാഫ് പ്രസ്താവിച്ചു. 2026-ൽ ഇറാനിലുണ്ടായ ശക്തമായ പ്രക്ഷോഭങ്ങളെ നേരിടുന്നതിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിരുന്നു.



