ജിദ്ദ – തുടർച്ചയായി രണ്ടാം ദിവസവും സൗദിയിലെ മേഖലകളിൽ ഇറാന്റെ ആക്രമണ ശ്രമം. രാജ്യത്തെ വിവിധ പ്രവിശ്യകളും നഗരങ്ങളും ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട 56 ഡ്രോണുകൾ സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തു. ഇന്നലെ സൗദിയിൽ 51 ഡ്രോണുകളും രണ്ടു ബാലിസ്റ്റിക് മിസൈലുകളും വെടിവെച്ചിട്ടിരുന്നു.
രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് ശേഷം 28 ഡ്രോണുകൾ ഇന്ന് തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിൽ 14 ഡ്രോണുകളും കിഴക്കൻ, മധ്യ പ്രവിശ്യകളിൽ ഏഴു ഡ്രോണുകളും പ്രിൻസ് സുൽത്താൻ വ്യോമതാവളം സ്ഥിതി ചെയ്യുന്ന അൽഖർജിൽ മൂന്നു ഡ്രോണുകളും റുബ്ഉൽഖാലി മരുഭൂമിയിൽ മൂന്നു ഡ്രോണുകളും റിയാദിൽ വിദേശ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങൾ പ്രവർത്തിക്കുന്ന ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് അടുക്കാൻ ശ്രമിച്ച ഒരു ഡ്രോണും ഇന്ന് വെടിവെച്ചിട്ടു.
കിഴക്കൻ പ്രവിശ്യയിലേക്കും റിയാദിൽ നിന്ന് 80 കിലോമീറ്റർ തെക്കുകിഴക്ക് അൽഖർജ് പ്രിൻസ് സുൽത്താൻ എയർ ബേസിലേക്കും വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച വെളിപ്പെടുത്തിയിരുന്നു. കിഴക്കൻ പ്രവിശ്യയിൽ 33 ഡ്രോണുകളും, രാജ്യത്തിന്റെ തെക്കുകിഴക്കായി ശൈബ എണ്ണപ്പാടത്ത് ആക്രമണം നടത്താൻ വിക്ഷേപിച്ച 17 ഡ്രോണുകളും റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലേക്ക് അടുക്കാൻ ശ്രമിച്ച ഒരു ഡ്രോണും ഇന്നലെ വെടിവച്ചിട്ടിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം, സൗദി സിവിൽ ഡിഫൻസ് അൽഖർജിൽ നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിംഗ് ഇൻ എമർജൻസി സിറ്റുവേഷൻസ് വഴി അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി. ഏകദേശം ഏഴു മിനിറ്റിനുശേഷം അപകടം നീങ്ങിയതായി അറിയിച്ചു. സിവിൽ ഡിഫൻസ് നിർദേശങ്ങൾ പാലിക്കുന്നത് തുടരാനും ഒത്തുചേരലുകളും ഫോട്ടോഗ്രാഫിയും പൂർണ്ണമായും ഒഴിവാക്കാനും അപകട സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കാനും സൗദി സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.



