കൽപ്പറ്റ– വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പിൽ നടൻ മമ്മൂട്ടി സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയെന്നും തന്നെ അപമാനിക്കാൻ അദ്ദേഹം മനപ്പൂർവ്വം ശ്രമിച്ചിട്ടില്ലെന്നും റഫീഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ടൗൺഷിപ്പിലെത്തിയ മമ്മൂട്ടിക്ക് തിരക്കും ബഹളവും മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് താൻ അവിടെ ഇടപെട്ടതെന്ന് സിപിഎം നേതാവ് വ്യക്തമാക്കി. ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അവിടെ എത്തുന്നവരെ സ്വീകരിക്കുന്ന രീതിയാണ് താൻ പിന്തുടർന്നതെന്നും എന്നാൽ അത് മറ്റൊരു നിലയിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്നാണ് താരം സൂചിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
വിഷയം വഷളാക്കിയത് മാധ്യമങ്ങളും വലതുപക്ഷ സൈബർ കേന്ദ്രങ്ങളും ചേർന്നാണ്. സർക്കാരിന്റെ ഇച്ഛാശക്തിയിൽ ഉയർന്നു വന്ന മാതൃകാപരമായ ഒരു പദ്ധതിയുടെ തിളക്കം കുറയ്ക്കാൻ ഈ വിവാദങ്ങൾ കാരണമാകരുത്. മമ്മൂട്ടി എന്ന മഹാനായ മലയാളി ടൗൺഷിപ്പ് സന്ദർശിച്ചതിനെ പോസിറ്റീവായി മാത്രം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ അവസാനിപ്പിക്കണമെന്നും റഫീഖ് അഭ്യർത്ഥിച്ചു. ദുരന്തബാധിതരുടെ പുഞ്ചിരിയാണ് നമുക്ക് വലുതെന്ന് തിരിച്ചറിഞ്ഞ് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം കുറിപ്പിൽ ഓർമ്മിപ്പിച്ചു.



