കോഴിക്കോട് – ലോകസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴ് ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതോടെ ആശങ്കയിലായി മൂന്ന് മുന്നണികളും. ഇതോടെ മിക്ക മണ്ഡലങ്ങളിലും ഫംല പ്രവചനാതീതമായി മാറിയിരിക്കുകയാണ്. വീട്ടില്‍ ചെയ്ത വോട്ട് ഉള്‍പ്പടെയുള്ളവയുടെ അന്തിമമായ കണക്ക് പുറത്ത് വിട്ടിട്ടില്ലെങ്കിലും പോളിംഗ് 72 ശതമാനത്തില്‍ നില്‍ക്കുമെന്നാണ് കണക്ക്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 77.84 ശതമാനമായിരുന്നു പോളിംഗ്േ. മറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നാല് മണിക്കൂറില്‍ അധികം വോട്ടിങ് പലയിടത്തും നീണ്ടു.
രാവിലെയുണ്ടായ പോളിംഗ് ആവേശം കണ്ടപ്പോള്‍ 2019നെക്കാള്‍ ഉയര്‍ന്ന പോളിംഗ് ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഉച്ചയോടെ പിന്നെ കുറഞ്ഞതോടെ കാരണമെന്തെന്നായി ചര്‍ച്ചകള്‍. ദേശീയനേതാക്കള്‍ വരെ ഇളക്കിമറിച്ചുള്ള പ്രചാരണവും, പലയിടത്തുമുള്ള ഇഞ്ചോടിഞ്ച് പോരും, ശക്തമായ ത്രികോണമത്സരങ്ങളും ഇത്തവണ ശ്രദ്ധ നേടിയിരുന്നു. പൊതുവില്‍ റെക്കോര്‍ഡ് പോളിംഗാണ് പ്രതീക്ഷിച്ചത്. കത്തുന്ന ചൂടും മണിക്കൂറുകളോളം പോളിംഗ് ബൂത്തിലെ കാത്തിരിപ്പുമാണ് വില്ലനായതെന്നാണ്് പൊതുവിലുള്ള വിലയിരുത്തല്‍.
തെക്കന്‍ കേരളത്തിലെ സ്റ്റാര്‍ മണ്ഡലങ്ങളിലെല്ലാം പോളിംഗ് കുറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും, ദേശീയ ശ്രദ്ധയാകര്‍ഷിച്ച ആലപ്പുഴ മണ്ഡലത്തിലും പോളിംഗ് ശതമാനം കുറഞ്ഞു. പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലും പോളിംഗില്‍ കാര്യമായ കുറവുണ്ടായി. പൊതുവേ തണുപ്പന്‍ മട്ടിലാണ് മധ്യകേരളവും തെരഞ്ഞെടുപ്പിനോട് പ്രതികരിച്ചത്.