തെഹ്റാൻ– അമേരിക്കൻ-ഇസ്രയേൽ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഇതോടെ ആഗോള എണ്ണ വിപണി കടുത്ത പ്രതിസന്ധിയിലേക്കും വിലക്കയറ്റത്തിലേക്കും നീങ്ങുകയാണ്. ഇതുവഴിയുള്ള എല്ലാ കപ്പലുകളുടെയും സഞ്ചാരത്തിന് ഇറാൻ വിലക്കേർപ്പെടുത്തിയതോടെ, മേഖലയിൽ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഗ്രീസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ കപ്പലുകൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ്, ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾ ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് ഷിപ്പിംഗ് മന്ത്രാലയങ്ങൾ.
പേർഷ്യൻ-ഒമാൻ കടലിടുക്കുകളെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ്, ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ നട്ടെല്ലാണ്. ലോകത്തിലെ മൊത്തം എണ്ണ-പെട്രോളിയം ഉൽപ്പന്നങ്ങളുടെ 20 ശതമാനവും പ്രകൃതിവാതകത്തിന്റെ 30 ശതമാനത്തിലധികവും ഈ ഇടുങ്ങിയ പാതയിലൂടെയാണ് കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന നീക്കം തടസ്സപ്പെടുന്നത് ഏഷ്യൻ രാജ്യങ്ങളെയും യൂറോപ്പിനെയും ഒരുപോലെ ബാധിക്കും. ചൈനയുടെ എൽഎൻജി ഇറക്കുമതിയുടെ നാലിലൊന്ന് ഭാഗവും ഈ പാതയെയാണ് ആശ്രയിക്കുന്നത്. ഏകദേശം ഓരോ ആറുമിനിറ്റിലും ഒരു കപ്പൽ എന്ന തോതിൽ പ്രതിദിനം മുന്നൂറോളം കപ്പലുകൾ കടന്നുപോകുന്ന അതീവ തിരക്കേറിയ മേഖലയാണിത്.
ഹോർമുസ് അടച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുമെന്നുറപ്പായി. നിലവിൽ ബാരലിന് 78.5 ഡോളറുള്ള ബ്രെന്റ് ക്രൂഡ് വില, പ്രതിസന്ധി തുടർന്നാൽ 250 ഡോളർ വരെ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഹോർമുസിന് പകരമായി സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും പൈപ്പ്‌ലൈനുകൾ ഉണ്ടെങ്കിലും അവയുടെ ശേഷി പരിമിതമാണ്. സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനും യുഎഇയുടെ ഹബ്ഷൻ-ഫുജൈറ പൈപ്പ്‌ലൈനും വഴി ഭാഗികമായി എണ്ണ എത്തിക്കാൻ സാധിക്കുമെങ്കിലും ആഗോള ആവശ്യകത നിറവേറ്റാൻ ഇത് പര്യാപ്തമല്ല. ഈ സാഹചര്യം ലോകരാജ്യങ്ങളിൽ വലിയ സാമ്പത്തിക ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



