റിയാദ്– സൗദി അറേബ്യയുടെ ഹൃദയഭാഗത്തുള്ള മണലാരണ്യത്തിൽ നിന്ന് നാസയുടെ ഉപഗ്രഹങ്ങൾ പകർത്തിയ വിചിത്രമായ ദൃശ്യങ്ങൾ ശാസ്ത്രലോകത്ത് ചർച്ചയാകുന്നു. അനന്തമായി പരന്നുകിടക്കുന്ന ഓറഞ്ച് മണൽക്കൂനകൾക്കിടയിൽ കൃത്യമായ ജ്യാമിതീയ രൂപത്തിലുള്ള കടും പച്ചനിറത്തിലുള്ള വട്ടങ്ങളാണ് നാസ പുറത്തുവിട്ട ചിത്രങ്ങളിലുള്ളത്. ഏതോ അന്യഗ്രഹ ജീവികൾ വരച്ച ചിത്രങ്ങൾ പോലെ തോന്നിക്കുന്ന ഈ വട്ടങ്ങൾക്ക് പിന്നിലെ രഹസ്യം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
സൗദിയിലെ നഫൂദ് മരുഭൂമിയിലുള്ള ജുബ്ബ (Jubbah) എന്ന മരുപ്പച്ചയിലാണ് ഈ പച്ചപ്പുള്ള വട്ടങ്ങൾ കണ്ടെത്തിയത്. ഉപഗ്രഹ ദൃശ്യങ്ങളിൽ വിസ്മയമായി തോന്നുമെങ്കിലും, ഇത് ആധുനിക കൃഷിരീതിയുടെ ഭാഗമായുള്ള മാറ്റങ്ങളാണ്. ‘സെന്റർ പിവറ്റ് ഇറിഗേഷൻ’ (Center Pivot Irrigation) എന്ന ജലസേചന രീതിയാണ് ഈ വട്ടങ്ങൾ രൂപപ്പെടാൻ കാരണം. ഒരു വലിയ സ്പ്രിംഗ്ളർ യന്ത്രം മധ്യഭാഗത്തുള്ള കിണറിന് ചുറ്റും കറങ്ങിക്കൊണ്ട് നനയ്ക്കുമ്പോഴാണ് പാടങ്ങൾക്ക് ഈ വട്ടാകൃതി ലഭിക്കുന്നത്. ഓരോ വട്ടത്തിനും ഏകദേശം ഒരു കിലോമീറ്റർ വരെ വ്യാസമുണ്ട്.
ആയിരക്കണക്കിന് വർഷം പഴക്കമുള്ള ജലം
ഈ കൃഷിക്ക് ഉപയോഗിക്കുന്നത് ‘ഫോസിൽ വാട്ടർ’ (Fossil Water) എന്ന് വിളിക്കപ്പെടുന്ന ഭൂഗർഭ ജലമാണ്. പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, അറേബ്യൻ പ്രദേശം പച്ചപ്പുള്ളതായിരുന്നു എന്ന് കരുതപ്പെടുന്ന കാലത്ത് മണ്ണിലേക്ക് ഊർന്നിറങ്ങിയ ജലമാണിത്. ഭൂമിക്കടിയിൽ നൂറുകണക്കിന് അടി താഴെ നിന്നാണ് ഈ വെള്ളം പമ്പ് ചെയ്തെടുക്കുന്നത്. എന്നാൽ ഈ ജലസ്രോതസ്സ് പരിമിതമാണെന്നും ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ ഇത് തീർന്നുപോയേക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
മരുഭൂമിയിലെ പുരാതന തടാകം
ഇന്ന് വരണ്ട മണൽക്കുന്നുകളാൽ ചുറ്റപ്പെട്ട ജുബ്ബ പ്രദേശം പണ്ട് വലിയൊരു തടാകമായിരുന്നുവെന്ന് നാസയുടെ ‘എർത്ത് ഒബ്‌സർവേറ്ററി’ വ്യക്തമാക്കുന്നു. റിയാദിൽ നിന്ന് 650 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശം ചുറ്റുമുള്ള മണൽക്കുന്നുകളേക്കാൾ താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ‘ജബൽ ഉമ്മു സിൻമാൻ’ എന്ന വലിയ പാറക്കെട്ട് മണൽക്കാറ്റിൽ നിന്ന് ഈ മരുപ്പച്ചയെ സംരക്ഷിക്കുന്നു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഇവിടെ അയ്യായിരത്തിലധികം വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളും ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുരാതന കാലത്ത് ഇവിടെ ഒട്ടകങ്ങളും നായകളും മറ്റും സമൃദ്ധമായി ഉണ്ടായിരുന്നുവെന്ന് ഈ ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
പരിമിതമായ ജലസ്രോതസ്സുകൾ ഉപയോഗിച്ച് മരുഭൂമിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ നേർചിത്രമാണ് ബഹിരാകാശത്ത് നിന്നുള്ള ഈ ദൃശ്യങ്ങൾ.



