ന്യൂഡൽഹി– രാജ്യത്തെ ഏറ്റവും വലിയ മാംസ കയറ്റുമതിക്കാരായ അല്ലാന ഗ്രൂപ്പിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് 30 കോടി രൂപ സംഭാവന ലഭിച്ചതായി റിപ്പോർട്ട്. സ്ക്രോൾ.ഇൻ (Scroll.in) ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2025-ൽ ഇന്ത്യയുടെ ബീഫ് കയറ്റുമതി നാല് ബില്യൺ യുഎസ് ഡോളർ കടന്ന പശ്ചാത്തലത്തിലാണ് ഇർഫാൻ അല്ലാനയുടെ നേതൃത്വത്തിലുള്ള കമ്പനിയിൽ നിന്ന് ബിജെപിക്ക് ഇത്രയും വലിയ തുക ലഭിച്ചിരിക്കുന്നത്. 2013-14 കാലയളവിൽ വെറും രണ്ട് കോടി രൂപ നൽകിത്തുടങ്ങിയ ഈ കമ്പനി, പത്ത് വർഷത്തിനിപ്പുറം തങ്ങളുടെ സംഭാവന 15 മടങ്ങാണ് വർധിപ്പിച്ചിരിക്കുന്നത്. അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ ഗ്രൂപ്പിന് കീഴിലുള്ള നാല് പ്രമുഖ സ്ഥാപനങ്ങൾ വഴിയാണ് ഈ തുക കൈമാറിയത്.
യുപിഎ സർക്കാരിന്റെ കാലത്ത് കന്നുകാലി കശാപ്പിനെയും മാംസ കയറ്റുമതിയെയും ‘പിങ്ക് വിപ്ലവം’ എന്ന് വിശേഷിപ്പിച്ച് ശക്തമായി വിമർശിച്ച ബിജെപി ഭരണകൂടത്തിന് കീഴിലാണ് അല്ലാന ഗ്രൂപ്പ് ഇത്ര വലിയ വളർച്ച കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്. 2019-ൽ അല്ലാന ഗ്രൂപ്പിന്റെ നൂറിലധികം കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയും ഏതാണ്ട് 2,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണങ്ങൾക്കും നടപടികൾക്കും പിന്നാലെയാണ് കമ്പനി ഇലക്ടറൽ ബോണ്ടുകൾ വാങ്ങാനും രാഷ്ട്രീയ പാർട്ടികൾക്ക് വൻതുകകൾ നൽകാനും തുടങ്ങിയതെന്ന് സ്ക്രോളിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആദ്യകാലങ്ങളിൽ ബിജെപിക്ക് പുറമെ ശിവസേനയ്ക്കും അല്ലാന ഗ്രൂപ്പ് സംഭാവനകൾ നൽകിയിരുന്നു. 2019-ൽ ശിവസേനയ്ക്ക് അഞ്ച് കോടി രൂപയും ബിജെപിക്ക് രണ്ട് കോടി രൂപയുമാണ് ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ചത്. അക്കാലത്ത് മഹാരാഷ്ട്ര ഭരണകൂടത്തിലും മുംബൈ കോർപറേഷനിലും ബിജെപിയും ശിവസേനയുമായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. എന്നാൽ പിന്നീട് ബിജെപിക്കുള്ള സംഭാവനകളിൽ വലിയ വർധനവുണ്ടാവുകയും 2024-25 വർഷത്തോടെ അത് 30 കോടി രൂപയിൽ എത്തിനിൽക്കുകയുമാണ്. ഹിന്ദുത്വ സംഘടനകൾ ബീഫ് വ്യവസായത്തെ നിരന്തരം വിമർശിക്കുമ്പോഴും, മറുവശത്ത് ഈ മേഖലയിലെ മുൻനിര കമ്പനിയിൽ നിന്ന് ഭരണകക്ഷി തന്നെ വൻതുക കൈപ്പറ്റുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.



