തിരുവനന്തപുരം– വിവാദ ചലച്ചിത്രം കേരള സ്റ്റോറി 2 സിനിമ നേരിട്ട് കാണാൻ ഹൈക്കോടതി തീരുമാനം. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. സിനിമയെക്കുറിച്ച് പൊതുസമൂഹത്തിൽ വലിയ ആശങ്കയുണ്ടെന്നും അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും വ്യക്തമാക്കിയ കോടതി, ചിത്രം നേരിട്ട് കാണാൻ തീരുമാനിച്ചു.
സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് നിരീക്ഷിച്ച കോടതി, സംസ്ഥാനം മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന ഇടമാണെന്ന് ഓർമ്മിപ്പിച്ചു. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നത് പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ജസ്റ്റിസുമാർ ചൂണ്ടിക്കാട്ടി. ‘യഥാർത്ഥ സംഭവം’ (True Story) എന്നും ‘പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചത്’ എന്നും സിനിമയെ വിശേഷിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ നിർമ്മാതാക്കളോട് കോടതി ആവശ്യപ്പെട്ടു.
ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള വിവാദ രംഗങ്ങൾ ടീസറിൽ ഉൾപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയുടെ തലക്കെട്ടെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന അവകാശവാദം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.



