കാൺപൂർ– റംസാൻ മാസത്തിന് മുന്നോടിയായി വിപണിയിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന 10,000 കിലോയോളം പഴകിയ ഈന്തപ്പഴം ഉത്തർപ്രദേശിലെ കാൺപൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു. ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ നടത്തിയ പരിശോധനയിലാണ് 50 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഈന്തപ്പഴം പിടികൂടിയത്.
നഗരത്തിലെ ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഈ ഈന്തപ്പഴ ശേഖരം യഥാർത്ഥത്തിൽ 2022-ൽ കാലാവധി കഴിഞ്ഞവയായിരുന്നു. എന്നാൽ, ഇവ വിപണിയിൽ വിറ്റഴിക്കുന്നതിനായി 2026 വരെ കാലാവധിയുണ്ടെന്ന് കാണിക്കുന്ന പുതിയ സ്റ്റിക്കറുകൾ പാക്കറ്റുകളിൽ പതിപ്പിക്കുന്നതിനിടെയാണ് അധികൃതർ പരിശോധന നടത്തിയത്. റംസാൻ കാലത്തെ വലിയ ഡിമാൻഡ് മുതലെടുത്ത് പഴയ സാധനങ്ങൾ പുതിയ സ്റ്റിക്കറുകൾ ഒട്ടിച്ച് വിൽക്കാനുള്ള വിപുലമായ ക്രമീകരണമാണ് ഗോഡൗണിൽ നടന്നിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്



