ഗാന്ധിനഗർ– പ്രണയവിവാഹങ്ങൾക്കും ഒളിച്ചോട്ടങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി വിവാഹ രജിസ്‌ട്രേഷൻ നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്താൻ ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന നിയമത്തിന്റെ കരട് രൂപം സർക്കാർ പുറത്തിറക്കി. ലവ് ജിഹാദ് പോലുള്ള പ്രവണതകൾ തടയുന്നതിനും യുവതികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് പെൺകുട്ടികളെ വഞ്ചിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സനാതന ധർമ്മത്തിന്റെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് ഈ ഭേദഗതിയെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘ്‌വി വ്യക്തമാക്കി.
പുതിയ നിർദേശപ്രകാരം വിവാഹത്തിന് അപേക്ഷ നൽകിയാൽ ആ വിവരം വാട്‌സ്ആപ്പിലൂടെയോ ഔദ്യോഗിക പോർട്ടൽ വഴിയോ വധൂവരന്മാരുടെ മാതാപിതാക്കളെ അറിയിക്കും. അസിസ്റ്റന്റ് രജിസ്ട്രാറുടെ പരിശോധനയ്ക്ക് ശേഷം പത്ത് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ ഈ വിവരം കൈമാറുന്നതിനുള്ള ഡിജിറ്റൽ സംവിധാനമാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ, വിവാഹ രജിസ്‌ട്രേഷന് മുൻപായി 30 ദിവസത്തെ നിർബന്ധിത കാത്തിരിപ്പ് കാലാവധിയും ഏർപ്പെടുത്തും. പ്രണയത്തിന് തങ്ങൾ എതിരല്ലെന്നും എന്നാൽ വഞ്ചനയിലൂടെയും ബലപ്രയോഗത്തിലൂടെയുമുള്ള വിവാഹങ്ങൾക്ക് തടയിടുകയാണ് ലക്ഷ്യമെന്നും സർക്കാർ അവകാശപ്പെടുന്നു.
വിവിധ സാമൂഹിക സംഘടനകളുമായി നടത്തിയ നിരന്തര ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു ഭേദഗതിക്ക് സർക്കാർ തയ്യാറായത്. കരട് നിർദേശത്തിന്മേൽ പൊതുജനാഭിപ്രായം അറിയിക്കാൻ 30 ദിവസത്തെ സമയം സർക്കാർ അനുവദിച്ചിട്ടുണ്ട്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങളും പരാതികളും പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പ്രത്യേക കമ്മിറ്റിയെയും നിയോഗിക്കും. വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന ക്രമക്കേടുകൾ അവസാനിപ്പിക്കാനും പെൺകുട്ടികളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും പുതിയ നിയമം സഹായിക്കുമെന്നാണ് ഗുജറാത്ത് സർക്കാരിന്റെ വാദം.



