മനാമ– പ്രാദേശിക സമുദ്രസുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ സന്ദർശനം നടത്തി. സന്ദർശനത്തിന്റെ ഭാഗമായി റോയൽ ബഹ്‌റൈൻ നേവിയിലെയും ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ കൂട്ടായ്മയായ കമ്പൈൻഡ് മാരിടൈം ഫോഴ്‌സിലെയും (സിഎംഎഫ്) ഉദ്യോഗസ്ഥരുമായി ഇന്ത്യൻ നാവികസേന ആശയവിനിമയം നടത്തി. തന്ത്രപ്രധാനമായ കടൽപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും സംയുക്ത പ്രവർത്തനങ്ങളിൽ കൃത്യത വരുത്തുന്നതിനുമുള്ള ചർച്ചകളാണ് പ്രധാനമായും നടന്നത്.
സന്ദർശനത്തോടനുബന്ധിച്ച് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് സൂറത്തിൽ നയതന്ത്ര പ്രതിനിധികൾക്കായി പ്രത്യേക സ്വീകരണവും ഒരുക്കിയിരുന്നു. കൂടാതെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് കപ്പൽ സന്ദർശിക്കാനും സിഎംഎഫ് ഉദ്യോഗസ്ഥർക്കായി യോഗാ സെഷനുകൾ സംഘടിപ്പിക്കാനും നാവികസേന മുൻകൈ എടുത്തു. സമുദ്ര സുരക്ഷയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ഈ സന്ദർശനം അടിവരയിടുന്നു.
അതേസമയം, മേഖലയിൽ ഇന്ത്യയുടെ നാവിക നയതന്ത്രത്തിൽ നിർണായകമായ മറ്റൊരു നാഴികക്കല്ലും ഇതോടൊപ്പം കുറിക്കപ്പെട്ടു. സിഎംഎഫിന് കീഴിലുള്ള ബഹുരാഷ്ട്ര പരിശീലന ടാസ്‌ക് ഫോഴ്‌സായ ‘സിടിഎഫ് 154’-ന്റെ കമാൻഡ് ഇതാദ്യമായി ഇന്ത്യൻ നാവികസേന ഏറ്റെടുത്തു. ഫെബ്രുവരി 11-ന് നടന്ന ചടങ്ങിൽ ഇറ്റാലിയൻ നാവികസേനയുടെ കമോഡോർ ആൻഡ്രിയ ബിയല്ലിയിൽ നിന്ന് ഇന്ത്യൻ നാവികസേനയുടെ കമോഡോർ മിലിന്ദ് മൊകാഷി ചുമതലയേറ്റു. ഒരു അന്താരാഷ്ട്ര ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലേക്ക് ഇന്ത്യ കടന്നുവരുന്നത് സമുദ്ര സുരക്ഷാ രംഗത്ത് ആഗോളതലത്തിൽ രാജ്യത്തിനുള്ള വിശ്വാസ്യത വർധിപ്പിക്കുന്നതിന് കാരണമാകും.



