ലഖ്‌നൗ– ഉത്തർപ്രദേശിലെ മഹോബയിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വിള്ളലുകൾ. ജെയ്‌ത്‌പൂർ ബ്ലോക്കിലെ നഗര ഡാങ് ഗ്രാമത്തിൽ 65 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ടാങ്കിലാണ് സംഭരണശേഷി പരിശോധിക്കുന്നതിനിടെ വലിയ വിള്ളലുകൾ രൂപപ്പെട്ടത്. ഇതോടെ ടാങ്കിലെ വെള്ളം പുറത്തേക്കൊഴുകി പ്രദേശം വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയിലായി.
ഫെബ്രുവരി 13-നാണ് പദ്ധതിയുടെ ഭാഗമായി ടാങ്കിൽ ആദ്യമായി പൂർണ്ണതോതിൽ ജലം നിറച്ച് പരിശോധന നടത്തിയത്. എന്നാൽ പിറ്റേദിവസം തന്നെ ടാങ്കിന്റെ വശങ്ങളിൽ വലിയ വിള്ളലുകൾ രൂപപ്പെടുകയും വെള്ളം ശക്തമായി പുറത്തേക്ക് ഒലിച്ചിറങ്ങുകയുമായിരുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയതയും അഴിമതിയുമാണ് ടാങ്ക് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ബുന്ദേൽഖണ്ഡ് മേഖലയിലെ ഈ ഗ്രാമം ഏറെ പ്രതീക്ഷയോടെയാണ് ജൽ ജീവൻ മിഷൻ പദ്ധതിക്കായി കാത്തിരുന്നത്. എന്നാൽ ഉദ്ഘാടനത്തിന് മുൻപേ ടാങ്ക് തകർന്നത് ഗ്രാമവാസികളെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപകമായ അഴിമതി നടന്നതായും ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഉത്തർപ്രദേശിൽ ജൽ ജീവൻ മിഷന്റെ കീഴിൽ നിർമ്മിക്കുന്ന വാട്ടർ ടാങ്കുകൾ തകരുന്നത് ഇത് ആദ്യമായല്ല. ഇതിനുമുൻപും സമാനമായ രീതിയിൽ ടാങ്കുകൾ തകർന്ന് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈയടുത്ത് ഗുജറാത്തിലും കോടികൾ ചെലവഴിച്ചു നിർമ്മിച്ച വാട്ടർ ടാങ്ക് തകർന്നിരുന്നു.



