കണ്ണൂർ: ഉന്നത ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയെന്ന വിവാദത്തിൽ സി.പി.എം കേന്ദ്ര കമ്മറ്റിയംഗവും ഇടതു മുന്നണി കൺവീനറുമായ ഇ.പി.ജയരാജനെതിരെ തെരഞ്ഞെടുപ്പിന് ശേഷം കുടുതൽ നടപടിയുണ്ടാകും. കേരളത്തിൻ്റെ ചുമതലയുള്ള മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന ഇ.പി ജയരാജൻ്റെ വെളിപ്പെടുത്തലും, അതിന് മുഖ്യമന്ത്രി നൽകിയ മറുപടിയും ഈ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും കെ.പി.സി.സി പ്രസിഡണ്ടുമായ കെ.സുധാകരൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണം നാളുകളായി ശക്തമാക്കി വരുന്നതിനിടെയാണ് താനല്ല, ഉന്നത സി.പി.എം നേതാവായ ഇ.പി.ജയരാജനാണ് ബി.ജെ.പിയിലേക്ക് പോകാൻ ചർച്ച നടത്തിയതെന്ന കെ.സുധാകരൻ്റെ വെളിപ്പെടുത്തൽ അശനിപാതം പോലെ പാർട്ടി നേതൃത്വത്തിന് മേൽ പതിച്ചത്.
വോട്ടെടുപ്പിന് തൊട്ടു തലേന്നാളുണ്ടായ ഈ വെളിപ്പെടുത്തൽ പാർട്ടിയെ പൂർണമായും പ്രതിരോധത്തിലാക്കി. താൻ ആരെയും കണ്ടില്ലെന്നും ചർച്ച നടത്തിയില്ലെന്നും സ്ഥാപിക്കാൻ ജയരാജൻ ശ്രമിച്ചതോടെ ശോഭ സുരേന്ദ്രൻ പുതിയ വെളിപ്പെടുത്തൽ നടത്തിയത് ജയരാജനെ തീർത്തും പ്രതിരോധത്തിലാക്കി. ബി.ജെ.പിയുടെ കേരള ചുമതലയുള്ള പ്രകാശ് ജാവഡേക്കറെ താൻ കണ്ടിരുന്നുവെന്ന് ഇന്ന് ജയരാജന് സമ്മതിക്കേണ്ടി വന്നു.
ഇതിന് പിന്നാലെ ജയരാജനെ തീർത്തും കൈയ്യൊഴിഞ്ഞും കുറ്റപ്പെടുത്തിയുമുള്ള നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ടത്. ഈ മറുപടിയിൽ മുന്നറിയിപ്പിൻ്റെ സൂചന കൂടിയുണ്ട്. മുഖ്യമന്ത്രി പിണറായി തന്നെയാണ് ഇപ്പോഴും ഭരണത്തിലും പാർട്ടിയിലും ഒന്നാമനെന്നത് ഈ പ്രതികരണത്തിൻ്റെ ആക്കം കൂട്ടുന്നു.
ഇ.പി.ജയരാജൻ ജാഗ്രത പാലിക്കണമായിരുന്നു.ജയരാജനെതിരെയുള്ള ആരോപണം സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യം വെച്ചുള്ളതാണ്. ഇ.പി.ജയരാജൻ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന ആളാണ്. ജാവഡേക്കറിനെ കാണുന്നതിലോ സംസാരിക്കുന്നതിലോ തെറ്റില്ല. എന്നാൽ ഇന്ന് കേരളം സംശയത്തോടെ നോക്കുന്ന ഒരാൾ അതിന് സാക്ഷ്യം വഹിച്ചു എന്നുള്ളതാണ് മറ്റൊരു കാര്യം. അയാൾക്കാണെങ്കിൽ പണം മാത്രമാണ് വേണ്ടത്. ആരാണോ പണം കൊടുക്കുന്നത് അതിനനുസരിച്ച് വാദങ്ങൾ നിരത്തുന്ന ആളാണ് അത്. ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും’ എന്നൊരു ചൊല്ലുണ്ട്. എന്നു പറയുന്നതു പോലെ ഇത്തരം ആളുകളോട് സ്നേഹബന്ധം സൂക്ഷിക്കുന്നത് അപകടമാണ്. ഇത്തരം കാര്യങ്ങളിൽ ഇ.പി.ജയരാജൻ വേണ്ടത്ര ജാഗ്രത കാണിക്കാറില്ലെന്നതാണ് മുന്നനുഭവമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
വിവാദങ്ങളുടെ തോഴനായ ഇ.പിയെ വീഴ്ചകളുടെ പേരിൽ നേരത്തെ പല തവണ പാർട്ടി താക്കീത് ചെയ്തതാണ്. സാൻ്റിയാഗോ മാർട്ടിൻ മുതൽ വൈദേകം റിസോർട്ട് വരെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് ജയരാജൻ നേരത്തെ കൈക്കൊണ്ടിരുന്നത്. കഴിഞ്ഞ നിയമസഭാ തെരത്തെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് ശേഷം പാർട്ടിയുമായി അകന്ന് കഴിയുകയായിരുന്നു അദ്ദേഹം. ഇനി പാർട്ടി പറഞ്ഞാൽ പോലും താൻ മത്സരിക്കില്ലെന്ന വിവാദ പ്രസ്താവനയും നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി പദവി, തന്നെ തഴഞ്ഞ് എം.വി.ഗോവിന്ദന് നൽകിയതോടെ ഈ അകൽച്ച വർദ്ധിച്ചു. ഇടതു മുന്നണി കൺവീനർ സ്ഥാനം ലഭിച്ചുവെങ്കിലും കണ്ണൂരിലിരുന്നാണ് ജയരാജൻ അധിക സമയവും പ്രവർത്തിച്ചിരുന്നത്.
അതിനിടെ, അതീവ ഗുരുതരമായ മറ്റൊരു ആരോപണം കൂടി ഇദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏതാനും മുതിർന്ന നേതാക്കളെ കൂട്ടി പാർട്ടി പിളർത്തിയാണ് ജയരാജൻ ബി.ജെ.പിയിലേക്ക് ചേക്കേറാൻ ശ്രമിച്ചതെന്നാണ് ആരോപണം. ഈ ആരോപണം പാർട്ടി മുഖവിലക്കെടുത്താൽ കൂടുതൽ അന്വേഷണവും കൂട്ട നടപടികളും ഉറപ്പാണ്.