കണ്ണൂർ – ഇടതു മുന്നണി കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ
ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ രംഗത്ത്. ബി.ജെ.പിയിലേക്ക് പോകാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജനാണെന്നും, പൊതു തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ജയരാജൻ ബി.ജെ.പിയിലേക്ക് പോകുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
ബി.ജെ.പിയിലേക്ക് പോകുന്നതു സംബന്ധിച്ച് ദുബായിൽ വെച്ചാണ് ചർച്ച നടത്തിയതെന്നും,
ചർച്ചക്ക് മധ്യസ്ഥൻ ഉണ്ടെന്നും, അദ്ദേഹം തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു. ശോഭസുരേന്ദ്രൻ മുഖേനയാണ് ആദ്യഘട്ട ചർച്ച നടന്നത്.
പാർട്ടിയിൽ നിന്ന് ഭീഷണി വന്നപ്പോഴാണ് ജയരാജൻ പിന്മാറിയത്. ശോഭയും ഇ.പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചാണ്. പാർട്ടിക്ക് അകത്തു ഇ.പി അസ്വസ്ഥനാണ്. പാർട്ടി സെക്രട്ടറി ആകാനാവാത്തതിൽ ജയരാജൻ നിരാശനായിരുന്നു. ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ.പി അവഗണിക്കപ്പെട്ട അവസ്ഥയിലായി. പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല. രാജീവ് ചന്ദ്രശേഖരും ശോഭയും ആണ് ചർച്ചക്ക് മധ്യസ്ഥം വഹിച്ചതെന്നും കെ.സുധാകരൻ പറഞ്ഞു. ഗവർണർ സ്ഥാനം ഉൾപ്പെടെ ജയരാജന് വാഗ്ദാനം ചെയ്തതായും സൂചനയുണ്ടെന്നും സുധാകരൻ പറഞ്ഞു.