ന്യൂദല്‍ഹി – അമേഠി ലോകസഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കായി പോസ്റ്ററുകളും ബോര്‍ഡുകളും. സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇതേക്കുറിച്ച് കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. അതേസമയം ബി ജെ പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് പരിഹാസം തുടരുകയാണ്. അമേഠിയിലെ ജനങ്ങള്‍ ഇത്തവണ വദ്ര വരണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് ഹിന്ദിയില്‍ എഴുതിയ പോസ്റ്ററുകളിലുള്ളത്.
റോബര്‍ട്ട് വദ്രയുടെ സ്വന്തം സംഘമാണ് പോസ്റ്ററുകളും ഫ്‌ളക്‌സുകളും വച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പിന്നീട് ഈ പോസ്റ്ററുകള്‍ നീക്കം ചെയ്തു. അമേഠിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് വൈകിപ്പിക്കും തോറും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടരുകയാണ്. മത്സരിക്കാന്‍ വദ്ര പല തവണ പരസ്യമായി സന്നദ്ധത അറിയിച്ചിരുന്നു. ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് മത്സരിക്കാമെങ്കില്‍, പാര്‍ലമെന്റിലേക്ക് പോകാമെങ്കില്‍, തനിക്ക് അയോഗ്യത എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ വദ്രയുടെ മോഹത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.
വദ്രയെ ഇറക്കിയാല്‍ പണി പാളുമെന്ന് വിലയിരുത്തലാണ് കോണ്‍ഗ്രസിന്റെ മൗനത്തിന് കാരണം. കുടുംബാധിപത്യം, വദ്രക്കെതിരായ കേസുകള്‍ ഇതൊക്കെ തെരഞ്ഞെടുപ്പില്‍ ബി ജെ പി ആയുധമാക്കുമെന്ന് ഉറപ്പാണ്. വദ്രയുടെ നീക്കത്തില്‍ സോണിയഗാന്ധിക്കും, രാഹുലിനുമൊക്കെ കടുത്ത അതൃപ്തിയുണ്ട്. പ്രിയങ്ക ഗാന്ധിയും പ്രതിരോധത്തിലായിരിക്കുകയാണ്.