ബെർണെ– ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ ശുഭകരമായ പുരോഗതിയുള്ളതായി പുതിയ റിപ്പോർട്ടുകൾ. 2013-ൽ ഫ്രഞ്ച് ആൽപ്‌സിൽ വെച്ചുണ്ടായ സ്കീയിംഗ് അപകടത്തിന് ശേഷം ദീർഘകാലമായി കിടപ്പിലായിരുന്ന ഷൂമാക്കർ, ഇപ്പോൾ വീൽചെയറിൽ ഇരിക്കാവുന്ന നിലയിലേക്ക് ആരോഗ്യം വീണ്ടെടുത്തതായാണ് സൂചനകൾ. കഴിഞ്ഞ 12 വർഷമായി അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് ആരാധകർക്ക് ആശ്വാസം നൽകുന്ന ഈ വിവരങ്ങൾ പുറത്തുവരുന്നത്.
മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണെങ്കിലും എഴുന്നേറ്റ് ഇരിക്കാനും ചുറ്റുമുള്ള കാര്യങ്ങൾ മനസ്സിലാക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. സ്വിറ്റ്‌സർലൻഡിലെ തടാകതീരത്തുള്ള വസതിയിൽ അത്യാധുനിക മെഡിക്കൽ സന്നാഹങ്ങളോടെയാണ് ചികിത്സ തുടരുന്നത്. വിദഗ്ധരായ നഴ്‌സുമാരും തെറാപ്പിസ്റ്റുകളും അടങ്ങുന്ന സംഘം 24 മണിക്കൂറും അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്. ‘ലോക്ക്ഡ് ഇൻ സിൻഡ്രോം’ (ബോധമുണ്ടെങ്കിലും കണ്ണുകൾ കൊണ്ട് മാത്രം പ്രതികരിക്കാൻ കഴിയുന്ന അവസ്ഥ) എന്ന നിലയിലായിരുന്നു അദ്ദേഹം എന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പുതിയ റിപ്പോർട്ടുകൾ ഇതിന് വിരുദ്ധമാണ്.


അടുത്തിടെ മകൾ ജീനയുടെ വിവാഹ ചടങ്ങിൽ ഷൂമാക്കർ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം എത്തിയത് വലിയ ചർച്ചയായിരുന്നുവെങ്കിലും സ്വകാര്യത കണക്കിലെടുത്ത് ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കായിക ലോകത്തെ ആദ്യ ശതകോടീശ്വരനും ഏഴു തവണ എഫ് വൺ ലോക ചാമ്പ്യനുമായ ഷൂമാക്കറുടെ ചികിത്സയ്ക്കായി ആഴ്ചയിൽ ലക്ഷക്കണക്കിന് രൂപയാണ് കുടുംബം ചെലവിടുന്നത്. ദീർഘകാലത്തെ നിശബ്ദതയ്ക്ക് ശേഷം പുറത്തുവരുന്ന ഈ വാർത്തകൾ ഷൂമാക്കർ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന ദശലക്ഷക്കണക്കിന് ആരാധകരുടെ പ്രതീക്ഷകൾക്ക് ജീവൻ നൽകുന്നതാണ്.



