ജിദ്ദ – സൗദി അറേബ്യയുടെ സാമ്പത്തിക പരിവർത്തനത്തിന് കരുത്തേകി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്). 2021-2025 കാലയളവിലെ തന്ത്രപ്രധാനമായ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ മുൻഗണനാ മേഖലകളിൽ ഏകദേശം 745 ബില്യൺ റിയാലിന്റെ നിക്ഷേപമാണ് പി.ഐ.എഫ് നടത്തിയത്. ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും സുസ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കാനുമുള്ള സംഘടനയുടെ പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
അടിസ്ഥാന സൗകര്യ വികസനം, വികസിത വ്യവസായങ്ങൾ, പുതിയ തൊഴിൽ മേഖലകൾ എന്നിവയിലൂടെ രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ വൻ നിക്ഷേപത്തിന്റെ ലക്ഷ്യം. വ്യവസായം, ഗതാഗതം, പുനരുപയോഗ ഊർജം, ഖനനം, ടൂറിസം, വിനോദം, ലോജിസ്റ്റിക്സ്, കായികം, സംസ്കാരം, നഗരവികസനം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിലെ വളർച്ചയ്ക്ക് ഈ നിക്ഷേപങ്ങൾ വലിയ ആക്കം കൂട്ടിയിട്ടുണ്ട്.
പുതിയ വ്യവസായങ്ങളുടെ ഉത്തേജനത്തിനും ഉയർന്നു വരുന്ന മേഖലകളുടെ വികാസത്തിനും പുറമെ, പ്രാദേശിക വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പി.ഐ.എഫ് നിക്ഷേപങ്ങൾ വലിയ പങ്കുവഹിച്ചു. വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിലുള്ള ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ നിക്ഷേപങ്ങൾ അടിത്തറ പാകിയതായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കി.



