ഭോപ്പാൽ– മദ്രസ വിദ്യാർത്ഥികൾ വിശുദ്ധ ഖുർആൻ പഠിക്കുന്നതിനൊപ്പം ഭഗവദ്ഗീതയും വായിക്കണമെന്ന് മധ്യപ്രദേശിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാജാ ബാബു സിങ്. സിഹോർ ജില്ലയിലെ ദോറ ഗ്രാമത്തിലെ മദ്രസയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസാരിക്കവേയാണ് പോലീസ് ട്രെയിനിങ് ചുമതലയുള്ള എഡിജിപിയായ അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.
മനുഷ്യരാശിക്ക് നൂറ്റാണ്ടുകളായി വെളിച്ചം പകരുന്നത് ഭഗവദ്ഗീതയാണെന്നും ഖുർആനൊപ്പം ഗീത കൂടി പഠിക്കുന്നത് വിദ്യാർത്ഥികളിൽ സഹിഷ്ണുതയും ശാസ്ത്രബോധവും വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്രസയിലെ ഉസ്താദുമായുള്ള വ്യക്തിപരമായ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ചുമതലയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജാ ബാബു സിങ്ങിന്റെ ഇത്തരം നിർദ്ദേശങ്ങൾ ഇതാദ്യമായല്ല വിവാദമാകുന്നത്. മുൻപും ഔദ്യോഗിക പദവിയിലിരുന്നു കൊണ്ട് സമാനമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ സംസ്ഥാനത്തെ എട്ട് പോലീസ് ട്രെയിനിങ് സ്‌കൂളുകളിലെ ഉദ്യോഗസ്ഥരോട് ഭഗവദ്ഗീതയിലെ അധ്യായങ്ങൾ വായിക്കാൻ നിർദ്ദേശിച്ചത് വലിയ ചർച്ചയായിരുന്നു. ട്രെയിനിങ് കാലയളവിൽ പോലീസുകാർ നേരിടുന്ന മാനസിക സംഘർഷങ്ങളും വീടുമായുള്ള അകൽച്ചയും മറികടക്കാൻ ‘രാമചരിതമാനസ്’ പാരായണം ചെയ്യണമെന്ന് അദ്ദേഹം നേരത്തെ ഉത്തരവിട്ടിരുന്നു. ശ്രീരാമന്റെ വനവാസക്കാലത്തെ ഇതിനോട് ഉപമിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രസംഗം.
1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ നടപടികൾക്കെതിരെ കോൺഗ്രസും വിവിധ മുസ്ലീം സംഘടനകളും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇവരുടെ വാദം



