റിയാദ്– ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ എയർലൈൻ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം ചുവടുവെച്ച് സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈൻസ്. വിമാനത്തിനുള്ളിൽ തടസ്സമില്ലാത്തതും അതിവേഗത്തിലുള്ളതുമായ ഇന്റർനെറ്റ് സേവനങ്ങളും അത്യാധുനിക ഡിജിറ്റൽ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനായി നിയോ എയ്റോസ്പേസ് ഗ്രൂപ്പ്, നാഷണൽ കൊമേഴ്‌സ്യൽ സ്പേസ് സർവീസസ് കമ്പനി എന്നിവയുമായി റിയാദ് എയർലൈൻസ് തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് (PIF) കീഴിലുള്ള സ്ഥാപനങ്ങളുമായുള്ള ഈ സഹകരണം വിമാനയാത്രയിലെ ഡിജിറ്റൽ അനുഭവങ്ങളെ പുത്തൻ തലത്തിലേക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർബസ് എ321 വിമാനങ്ങളിലാണ് പ്രാഥമികമായി ഈ സംവിധാനങ്ങൾ സജ്ജീകരിക്കുന്നത്.
എൻഎസ്ജി (NSG) സ്കൈവേവ്സ് സിസ്റ്റവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിമാനങ്ങളിൽ വിജയകരമായി പരീക്ഷിച്ച ‘തിങ്കോം’ (Thinkom) ആൻ്റിന ഉൾക്കൊള്ളുന്ന എച്ച്.ബി.സി പ്ലസ് ഉപകരണങ്ങളും ഉപയോഗിച്ചാണ് അതിവേഗ ഇന്റർനെറ്റ് യാഥാർത്ഥ്യമാക്കുന്നത്. ഇതുവഴി യാത്രക്കാർക്ക് 300 Mbps വരെ വേഗതയുള്ള അൾട്രാ-ഫാസ്റ്റ് കണക്റ്റിവിറ്റി വിമാനത്തിനുള്ളിൽ ലഭിക്കും. യാത്രക്കിടയിൽ തത്സമയ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ്, മെസേജിങ്, തടസ്സമില്ലാത്ത ബ്രൗസിങ് എന്നിവയ്ക്ക് പുറമെ ഔദ്യോഗിക ആവശ്യങ്ങൾക്കും ഈ അതിവേഗ ഇന്റർനെറ്റ് പ്രയോജനപ്പെടുത്താം. ഈ നൂതന സംവിധാനങ്ങൾ ഉൾപ്പെടുത്തിയ ആദ്യ എയർബസ് എ321 വിമാനം 2026-ന്റെ അവസാന പാദത്തിൽ പുറത്തിറങ്ങുമെന്ന് റിയാദ് എയർലൈൻസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആദം ബൗകാദിദ വ്യക്തമാക്കി.



