തിരുവനന്തപുരം– സംസ്ഥാനത്ത് ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ഫോം-7 വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇലക്ഷൻ കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ആവശ്യപ്പെട്ടു. ഫോം-7 എന്നത് മരണം, താമസസ്ഥല മാറ്റം തുടങ്ങിയ കാരണങ്ങളാൽ വോട്ടർ പട്ടികയിൽ പേരുകൾ നീക്കം ചെയ്യുന്നതിനോ, ഒരു പേര് ഉൾപ്പെടുത്തുന്നതിനെതിരെയുള്ള എതിർപ്പ് രേഖപ്പെടുത്തുന്നതിനോ നിയമപരമായി അനുവദിച്ചിരിക്കുന്ന ഒരു ഫോമാണ്.
ഇത്തരം പരാതികൾ സമർപ്പിച്ചതു കൊണ്ടുമാത്രം വോട്ടർപട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്യപ്പെടില്ലെന്ന് തെരഞ്ഞുടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ടെങ്കിലും, സാധാരണ പൗരന്മാരെ സുദീർഘവും ബുദ്ധിമുട്ടുള്ളതുമായ നിയമ-ഭരണ നടപടിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വോട്ടർമാരെ ലക്ഷ്യമാക്കി, കൂട്ടമായും വിവേചനപരമായും ഫോം-7 സമർപ്പിക്കുന്നതായുള്ള പരാതികൾ വർധിച്ചുവരികയാണെന്ന് മുൻ അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല തന്നെ കഴിഞ്ഞ ദിവസം പരാതിപ്പെടുകയുണ്ടായി. അനാവശ്യമായ ഭയം, ആശങ്ക, മാനസിക സമ്മർദ്ദം എന്നിവ സൃഷ്ടിച്ച്, പൗരന്മാരുടെ അടിസ്ഥാന ജനാധിപത്യാവകാശമായ വോട്ടവകാശത്തെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്കാണ് ഇത്തരം പ്രവണതകൾ നയിക്കുന്നത്. പ്രാദേശിക തലത്തിൽ ആളുകൾക്കിടയിൽ ഭിന്നതയും അകൽച്ചയും വർധിക്കുന്നതിനും ഇത് കാരണമായിത്തീരുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഫോം-7 പ്രകാരം സമർപ്പിച്ച പരാതികളിലെ പാറ്റേണുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് ദുരുപയോഗം കണ്ടെത്തുക, പരിശോധനാ നടപടികളിൽ പൂർണ്ണമായ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കുക, നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് യഥാർത്ഥ വോട്ടർമാരെ ഉപദ്രവിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളണം. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ചുമതലപ്പെട്ട ഒരു പ്രക്രിയയെ, ജനാധിപത്യത്തെ ദുർബലപ്പെടുത്താനും സാമൂഹിക സൗഹാർദ്ദത്തിനു പോറലേൽപ്പിക്കാനുമുള്ള ഒരു ആയുധമാക്കി മാറ്റരുത്. ഈ വിഷയത്തിൽ സിവിൽ സമൂഹവും രാഷ്ട്രീയ നേതൃത്വവും ഭരണഘടനാസ്ഥാപനങ്ങളും ജാഗ്രത പാലിക്കണമെന്നും ബുഖാരി തങ്ങൾ ആവശ്യപ്പെട്ടു.



