ഭുവനേശ്വർ– റിപ്പബ്ലിക് ദിനത്തിൽ മാംസാഹാരം വിൽക്കുന്നത് നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് പ്രതിഷേധത്തെത്തുടർന്ന് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം പിൻവലിച്ചു. ജില്ലാതല റിപ്പബ്ലിക് ദിന തയ്യാറെടുപ്പ് സമിതിയുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ചയാണ് ജില്ലാ കളക്ടർ മനോജ് സത്യവാൻ മഹാജൻ ഈ ഉത്തരവ് പുറത്തിറക്കിയത്. റിപ്പബ്ലിക് ദിനത്തോടുള്ള ആദരസൂചകമായി ജില്ലയിലുടനീളം സസ്യാഹാരം മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു നിർദ്ദേശം.
ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർക്കും നിരോധനം കർശനമായി നടപ്പിലാക്കാൻ കളക്ടർ നേരിട്ട് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു. റിപ്പബ്ലിക് ദിനം ഒരു മതപരമായ ആഘോഷമല്ലെന്നും ദേശീയ ഉത്സവമാണെന്നും ചൂണ്ടിക്കാട്ടിയ നിരീക്ഷകർ, ഭക്ഷണ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കളക്ടർക്ക് അധികാരമില്ലെന്നും വാദിച്ചു. സമ്പൂർണ്ണ നിരോധനത്തിന് പകരം തിരക്ക് നിയന്ത്രിക്കാനോ ക്രമസമാധാനം ഉറപ്പാക്കാനോ ഉള്ള നടപടികളാണ് ഭരണകൂടം സ്വീകരിക്കേണ്ടിയിരുന്നതെന്നും വിമർശകർ അഭിപ്രായപ്പെട്ടു.
ദേശീയ ഉത്സവങ്ങളോടനുബന്ധിച്ചുള്ള ഇത്തരം മാംസ നിരോധനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനുമുമ്പും വലിയ ചർച്ചകൾക്ക് വഴിമാറിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മഹാരാഷ്ട്രയിലെ ചില നഗരങ്ങളിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചും, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേളയിൽ അസമിലും സമാനമായ നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2025-ൽ ഇൻഡോറിലും മതപരമായ ഉത്സവങ്ങളുടെ ഭാഗമായി മാംസ വിൽപ്പന തടഞ്ഞിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി ഇത്തരം നടപടികൾ വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് കോരാപുത് ജില്ലാ ഭരണകൂടം പുതിയ വിജ്ഞാപനത്തിലൂടെ ഉത്തരവ് റദ്ദാക്കിയത്.



