ന്യൂ ഡൽഹി– ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ബാറ്റിംഗിൽ താളം കണ്ടെത്താൻ കഷ്ടപ്പെടുന്ന സഞ്ജു സാംസണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗിന്റെ കടുത്ത മുന്നറിയിപ്പ്. സഞ്ജു ഉടൻ ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ടീമിലെ ഓപ്പണിംഗ് സ്ഥാനം ഇഷാൻ കിഷൻ കൈക്കലാക്കുമെന്ന് ഹർഭജൻ വ്യക്തമാക്കി. ഗുവാഹത്തിയിൽ നടന്ന മൂന്നാം ടി20-യിൽ നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു പുറത്തായതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 16 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. 5.33 എന്ന ദയനീയ ശരാശരി ലോകകപ്പ് ടീമിലെ സഞ്ജുവിന്റെ സ്ഥാനത്തിന് വലിയ ഭീഷണിയാണെന്ന് ഹർഭജൻ തന്റെ യൂട്യൂബ് ചാനലിലൂടെ ചൂണ്ടിക്കാട്ടി. സഞ്ജുവിന് ഇനി ഒന്നോ രണ്ടോ അവസരങ്ങൾ കൂടി ലഭിച്ചേക്കാം, എന്നാൽ അത് മുതലാക്കിയില്ലെങ്കിൽ ഫോമിലുള്ള ഇഷാൻ കിഷനെ കളിപ്പിക്കാൻ ടീം മാനേജ്‌മെന്റ് നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിവുണ്ടായിട്ടും അന്താരാഷ്ട്ര തലത്തിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിയുന്നില്ലെന്നാണ് ഹർഭജന്റെ വിമർശനം.
അതേസമയം, ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി (3-0). കിവികൾ ഉയർത്തിയ 154 റൺസ് ലക്ഷ്യം വെറും 10 ഓവറിലാണ് ഇന്ത്യ മറികടന്നത്. യുവതാരം അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് കരുത്തായത്. വെറും 14 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ അഭിഷേക് (20 പന്തിൽ 68), ഒരു ഇന്ത്യക്കാരന്റെ രണ്ടാമത്തെ വേഗതയേറിയ ടി20 ഫിഫ്റ്റി എന്ന നേട്ടവും സ്വന്തമാക്കി. നായകൻ സൂര്യകുമാർ യാദവ് 26 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നു. വരാനിരിക്കുന്ന രണ്ട് മത്സരങ്ങൾ കൂടി ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരും (5-0) എന്നാണ് ഹർഭജൻ പ്രവചിക്കുന്നത്.



