ന്യൂഡൽഹി– ഇന്ത്യൻ ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച വിഖ്യാത ബിബിസി മാധ്യമപ്രവർത്തകൻ സർ മാർക്ക് ടള്ളി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം ബിബിസിയുടെ ഇന്ത്യ ബ്യൂറോ ചീഫ് ആയിരുന്ന അദ്ദേഹം, ഇന്ത്യൻ രാഷ്ട്രീയത്തിലെയും സാമൂഹിക ജീവിതത്തിലെയും സ്പന്ദനങ്ങൾ ആഴത്തിൽ മനസ്സിലാക്കിയ വ്യക്തിയായിരുന്നു. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധം, അടിയന്തരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധം, ബാബറി മസ്ജിദ് തകർച്ച തുടങ്ങിയ ചരിത്രസംഭവങ്ങൾ ടള്ളിയുടെ ശബ്ദത്തിലൂടെയാണ് ലോകം അറിഞ്ഞത്.
1935-ൽ കൊൽക്കത്തയിൽ ജനിച്ച ടള്ളി, ബ്രിട്ടനിലെ വിദ്യാഭ്യാസത്തിന് ശേഷം 1965-ലാണ് ബിബിസിയിൽ ചേരുന്നത്. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം പരിഗണിച്ച് രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. 2002-ൽ ബ്രിട്ടൻ അദ്ദേഹത്തിന് നൈറ്റ്ഹുഡ് (സർ പദവി) നൽകി. ‘നോ ഫുൾ സ്റ്റോപ്സ് ഇൻ ഇന്ത്യ’ (No Full Stops in India), ‘ഇന്ത്യ ഇൻ സ്ലോ മോഷൻ’ തുടങ്ങിയ വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



