മനാമ– കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ സാധനങ്ങൾ വിൽക്കാൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ. തലസ്ഥാന ഗവർണറേറ്റിലെ നൈം പോലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. കേടായ ഭക്ഷണസാധനങ്ങളുടെ പാക്കറ്റുകളിലെ എക്‌സ്പയറി ഡേറ്റ് മായ്ച്ച് പകരം പുതിയ തീയതികൾ പതിപ്പിച്ച് വിൽക്കാനായി ശ്രമിക്കുകയായിരുന്നു.
പ്രതികൾക്കൊപ്പം താമസിച്ചിരുന്ന ഒരു ഏഷ്യൻ സ്വദേശിയാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് അധികൃതർ പ്രതികളുടെ താമസസ്ഥലത്തും അവർ നടത്തുന്ന സ്ഥാപനത്തിലും പരിശോധന നടത്തുകയും വൻ തോതിൽ കേടായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായവരുടെ രാജ്യമോ പ്രായമോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.



