കയ്‌റോ – കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ആവശ്യപ്പെട്ടു. നിശ്ചിത പ്രായം വരെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാനുള്ള നിയമനിര്‍മ്മാണം നടത്താനാണ് നിര്‍ദേശം. നിശ്ചിത പ്രായം വരെ മൊബൈല്‍ ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താനോ നിരോധിക്കാനോ ഓസ്ട്രേലിയക്കാരും ബ്രിട്ടീഷുകാരും ഇതിനകം തന്നെ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ടെന്ന് ഞാന്‍ എന്നെയും സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും ഓര്‍മ്മിപ്പിക്കുന്നതായി 74-ാമത് ഈജിപ്ഷ്യന്‍ പോലീസ് ദിനാഘോഷത്തില്‍ നടത്തിയ പ്രസംഗത്തില്‍ അല്‍സീസി പറഞ്ഞു. ഭരണകൂടത്തെയോ അധികാരത്തെയോ സംരക്ഷിക്കുകയല്ല, മറിച്ച്, അവരുടെ അവബോധത്തിനും വികസനത്തിനും ഭീഷണിയായേക്കാവുന്ന അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
കുട്ടികളെ സംരക്ഷിക്കാനും ഈജിപ്ഷ്യന്‍ കുടുംബത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കാനും പ്രാഥമികമായി ലക്ഷ്യമിടുന്ന പ്രധാനപ്പെട്ടതും മഹത്തായതുമായ ചുവടുവെപ്പാണ് പ്രസിഡന്റ് അല്‍സീസിയുടെ നിര്‍ദേശമെന്ന് ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലെ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റി തലവന്‍ അഹ്‌മദ് ബദവി പറഞ്ഞു.
നടപ്പാക്കല്‍ സംവിധാനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും പഠിക്കാനും നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുമായി ഏകോപിപ്പിച്ച് വിപുലമായ ചര്‍ച്ചാ സെഷനുകള്‍ നടത്തുന്നതിന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിയന്ത്രണം നടപ്പാക്കാനുള്ള സംവിധാനം രാജ്യത്ത് നിലവിലുണ്ട്. ഏതാനും രാജ്യങ്ങള്‍ സമാനമായ നിയമനിര്‍മ്മാണം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
ഈ നടപടി സാങ്കേതിക വികസനത്തിന് വിരുദ്ധമല്ല. ദോഷകരമായ നിരവധി ആപ്ലിക്കേഷനുകളുടെ അപകടങ്ങളില്‍ നിന്ന് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. 14 വയസ്സിന് താഴെയുള്ള ചില കുട്ടികള്‍ ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകളും മറ്റും ഉള്‍പ്പെടെയുള്ള അപകടകരമായ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതില്‍ ആകൃഷ്ടരായിട്ടുണ്ട്. പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതും ഭാവി തലമുറകളെ സംരക്ഷിക്കുന്നതുമായ പുതിയ നിയമം പുറപ്പെടുവിക്കുന്നതിന് വഴിയൊരുക്കുന്ന സമഗ്രമായ ഫോര്‍മുലയില്‍ എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ, സ്‌പെഷ്യലിസ്റ്റുകളും ബന്ധപ്പെട്ട വകുപ്പുകളും ഉള്‍പ്പെടുന്ന ചര്‍ച്ചാ സെഷനുകള്‍ക്കായി തയ്യാറെടുക്കാനായി കമ്മ്യൂണിക്കേഷന്‍സ് കമ്മിറ്റി സര്‍ക്കാരുമായും നിയമനിര്‍മ്മാണ മേഖലയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അഹ്‌മദ് ബദവി കൂട്ടിച്ചേര്‍ത്തു.
പതിനാറു വയസ്സിന് താഴെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ചുള്ള പ്രസിഡന്റ് അല്‍സീസിയുടെ പരാമര്‍ശങ്ങള്‍, ഈജിപ്ഷ്യന്‍ കുട്ടികളെ സംരക്ഷിക്കാനും അവരുടെ അവബോധവും മാനസികവും ബൗദ്ധികവുമായ ക്ഷേമം സംരക്ഷിക്കാനുമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന നല്ല ചുവടുവെപ്പാണെന്ന് ഈജിപ്ഷ്യന്‍ സെനറ്റിലെ വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ആശയവിനിമയ, വിവര സാങ്കേതിക സമിതി അംഗമായ ഡോ. വലാ ഹര്‍മാസ് റദ്‌വാന്‍ വ്യക്തമാക്കി.
അനുചിതമായ ഉള്ളടക്കങ്ങളും അക്രമവും നിഷേധാത്മക പെരുമാറ്റങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും കാരണം കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്ന ചില ഇലക്ട്രോണിക് ഗെയിമുകള്‍ നിരോധിക്കുന്നത് ഉള്‍പ്പെടെ ഏതാനും ശുപാര്‍ശകള്‍ താന്‍ മുമ്പ് സമര്‍പ്പിച്ചിരുന്നു. കുട്ടികളുടെ പ്രായത്തിനനുസരിച്ച് കുടുംബങ്ങള്‍ക്ക് ഉള്ളടക്കങ്ങളും ആപ്ലിക്കേഷനുകളും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന നിലക്ക് കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത രക്ഷാകര്‍തൃ നിയന്ത്രണ മൊഡ്യൂളുകള്‍ സൃഷ്ടിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിരുന്നു.
യുവാക്കള്‍ക്ക് സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ഫിക്‌സഡ്-ലൈന്‍ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത വെബ്സൈറ്റുകള്‍ തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് അതിപ്രധാനമാണ്. ഈ നടപടികള്‍ സാങ്കേതികവിദ്യ നിയന്ത്രിക്കാനോ വികസനം തടസ്സപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതല്ല. മറിച്ച്, കുട്ടികളെ സംരക്ഷിക്കുകയും, നിരീക്ഷണത്തിലും മാര്‍ഗനിര്‍ദേശത്തിലും കുടുംബത്തിന്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്ന രീതിയില്‍ അതിന്റെ ഉപയോഗം നിയന്ത്രിക്കുക എന്നതാണ്. വ്യക്തവും നടപ്പാക്കാവുന്നതുമായ സംവിധാനങ്ങളില്‍ എത്തിച്ചേരാനുള്ള വിശാലമായ സാമൂഹിക, നിയമനിര്‍മ്മാണ ചര്‍ച്ചക്ക് പ്രസിഡന്റ് അല്‍സീസിയുടെ നിര്‍ദേശം വഴിയൊരുക്കുന്നതായും ഡോ. വലാ ഹര്‍മാസ് റദ്‌വാന്‍ പറഞ്ഞു.
കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ കുടുംബങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് സൈക്കോളജി കണ്‍സള്‍ട്ടന്റായ ഡോ. നെഫിന്‍ ഹുസ്‌നി പറഞ്ഞു. പല കുടുംബങ്ങളും കുട്ടികള്‍ക്ക് ഫോണുകള്‍ നല്‍കുന്നത് അവരെ നിശബ്ദരാക്കാനാണ്. ഇത് അവരെ മാനസികമായും പെരുമാറ്റപരമായും പ്രതികൂലമായി ബാധിക്കുന്ന അനുചിതമായ ഉള്ളടക്കത്തിലേക്ക് നയിക്കുന്നു. മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുന്നതിന് ഉചിതമായ പ്രായമായി യൂറോപ്യന്‍ യൂണിയന്‍ 16 വയസ്സ് നിശ്ചയിച്ചിട്ടുണ്ട്. മേല്‍നോട്ടമില്ലാതെ കുട്ടികളുടെ കൈകളില്‍ ഫോണ്‍ ഉപേക്ഷിക്കുന്ന ചില മാതാപിതാക്കളുടെ സംസ്‌കാരത്തില്‍ മാറ്റം വരുത്തണം. അമിതമായ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ഡോപാമൈന്‍ ഹോര്‍മോണ്‍ അളവ് വര്‍ധിപ്പിക്കും. ഇത് അറ്റാച്ച്‌മെന്റിന്റെയും ആസക്തിയുടെയും അവസ്ഥ സൃഷ്ടിക്കാന്‍ കാരണമാകും. ചില കുട്ടികള്‍ കൃത്രിമ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകളുമായി വെര്‍ച്വല്‍ ബന്ധങ്ങള്‍ രൂപപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇത് യഥാര്‍ഥ ജീവിത ബന്ധങ്ങളില്‍ നിന്ന് അവരെ ഒറ്റപ്പെടുത്തുന്നതിലേക്ക് നയിക്കുകയും അവരുടെ സാമൂഹിക ഇടപെടലിനെയും അക്കാദമിക് പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
ചിന്തിക്കാനും വിശകലനം ചെയ്യാനും കുട്ടികള്‍ ഫോണുകളെ ആശ്രയിക്കുന്നത് വര്‍ധിക്കുന്നത് അവരുടെ മാനസിക ശേഷികളെയും പ്രശ്നപരിഹാര കഴിവുകളെയും ദുര്‍ബലപ്പെടുത്തുന്നു. വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപിക്കേണ്ടതും ഫോണ്‍ ഉപയോഗം ക്രമേണ നിയന്ത്രിക്കേണ്ടതും പ്രധാനമാണ്. ഫോണുകള്‍ക്ക് പകരം സ്പോര്‍ട്സ്, വിനോദ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഡോ. നെഫിന്‍ ഹുസ്‌നി പറഞ്ഞു.
മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ക്ക് മാനസികവും പെരുമാറ്റപരവുമായ ദോഷങ്ങള്‍ വരുത്തുന്നതില്‍ ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെന്നും അമിതമായ ഉപയോഗം അവരുടെ മാനസിക ശേഷികളെ ഗുരുതരമായി ദുര്‍ബലപ്പെടുത്തുമെന്നും കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ. ജമാല്‍ ഫര്‍വീസ് മുന്നറിയിപ്പ് നല്‍കി. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനം കുട്ടികളിലും കൗമാരക്കാരിലും സോഷ്യല്‍ മീഡിയയുടെയും ഇലക്ട്രോണിക് ഗെയിമുകളുടെയും അമിത ഉപയോഗത്തിന്റെ ഫലമായി 2025 നെ മസ്തിഷ്‌ക ക്ഷയത്തിന്റെ വര്‍ഷമായി വിശേഷിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള അമിതമായ ഉപയോഗം വര്‍ധിച്ച അസ്വസ്ഥതക്കും പിരിമുറുക്കത്തിനും കാരണമാകുമെന്നും തലച്ചോറിലെ ചില നാഡീകോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയേക്കുമെന്നും ഇത് മോശം അക്കാദമിക് പ്രകടനത്തില്‍ പ്രതിഫലിക്കുമെന്നും ഡോ. ജമാല്‍ ഫര്‍വീസ് വിശദീകരിച്ചു. നീന്തല്‍, ടെന്നീസ്, വിവിധ കായിക, കലാപരമായ കഴിവുകള്‍ പഠിക്കല്‍ തുടങ്ങിയ ആരോഗ്യകരവും ആകര്‍ഷകവുമായ ബദലുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതില്‍ കുടുംബത്തിന്റെ, പ്രത്യേകിച്ച് അമ്മമാരുടെ പങ്ക് പ്രധാനമാണ്. ഇത് മാനസികവും പെരുമാറ്റപരവുമായ മികച്ച സന്തുലിതാവസ്ഥ കൈവരിക്കാനും കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.



