ജിദ്ദ – ആറു ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ജനസംഖ്യ അതിവേഗം വളരുമെന്നും 2050 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യ ഏകദേശം 8.36 കോടിയിലെത്തുമെന്നും ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പ്രവചിച്ചു. ആഗോള ശരാശരിയെ അപേക്ഷിച്ച് മേഖലയിലെ ജനസംഖ്യാ വളർച്ച ത്വരിതഗതിയിലാണ്. 2050 ആകുമ്പോഴേക്കും ഗൾഫ് രാജ്യങ്ങളിൽ പ്രായമായവരുടെ എണ്ണം ഇരട്ടിയാകുമെന്നും 55 ദശലക്ഷത്തിലധിമായി ഉയരുമെന്നും ജി.സി.സി രാജ്യങ്ങളുടെ ജനസംഖ്യാ സൂചകങ്ങൾ എന്ന തലക്കെട്ടിലുള്ളതും ഐക്യരാഷ്ട്രസഭയുടെ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ ജി.സി.സി രാജ്യങ്ങളിൽ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് നഗരാസൂത്രണം, ആരോഗ്യ സംരക്ഷണം, തൊഴിൽ വിപണികൾ, സാമൂഹിക സംരക്ഷണം എന്നിവയിൽ ദീർഘകാല നയങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം റിപ്പോർട്ട് ഊന്നിപ്പറഞ്ഞു. റിപ്പോർട്ട് അനുസരിച്ച്, 2024 അവസാനത്തോടെ ഗൾഫ് രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ 6.15 കോടിയിലെത്തി. 2019 നെ അപേക്ഷിച്ച് 2024 ൽ ജനസംഖ്യയിൽ 85 ലക്ഷത്തിന്റെ വർധനവുണ്ടായി. ഗൾഫ് രാജ്യങ്ങളിലെ ശരാശരി വാർഷിക ജനസംഖ്യാ വളർച്ചാ നിരക്ക് 2.8 ശതമാനമാണ്. ആഗോള ശരാശരിയുടെ ഏകദേശം മൂന്നിരട്ടിയാണിത്. ഇത് മേഖലയുടെ ദ്രുതഗതിയിലുള്ള ജനസംഖ്യാ ചലനാത്മകതയെ എടുത്തുകാണിക്കുന്നു.
ഗൾഫ് രാജ്യങ്ങളിലെ ജനസംഖ്യയിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ളവർ (15-64 വയസ്സ്) 76.7 ശതമാനവും കുട്ടികൾ (0-14 വയസ്സ്) 20.6 ശതമാനവും പ്രായമായവർ (65 വയസ്സും അതിൽ കൂടുതലുമുള്ളവർ) 2.6 ശതമാനവുമാണ്. ഇത് മേഖലാ ജനസംഖ്യയിൽ യുവജനങ്ങളുടെ വർധിച്ച അനുപാതവും സമൃദ്ധമായ തൊഴിൽ ശക്തിയും പ്രതിഫലിപ്പിക്കുന്നു. ജോലി ചെയ്യുന്ന പ്രായത്തിലുള്ള 100 വ്യക്തികൾക്ക് ഏകദേശം 30 ആശ്രിതർ എന്ന തോതിലാണ് മൊത്തം ആശ്രിത അനുപാതം. ആറു ഗൾഫ് രാജ്യങ്ങളിലെയും ജനസംഖ്യയിൽ 62.7 ശതമാനം പുരുഷന്മാരും 37.3 ശതമാനം സ്ത്രീകളുമാണ്. 100 സ്ത്രീകൾക്ക് 168 പുരുഷന്മാർ എന്ന തോതിലാണ് ലിംഗാനുപാതം. മേഖലാ രാജ്യങ്ങളിലെ പ്രവാസി തൊഴിൽ ശക്തികളുടെ ഘടനയാണ് ഇതിന് കാരണം.



