ഭുവനേശ്വർ– റിപ്പബ്ലിക് ദിനത്തിൽ മാംസം, കോഴി, മത്സ്യം, മുട്ട എന്നിവയുടെ വിൽപ്പന നിരോധിച്ച് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം. റിപ്പബ്ലിക് ദിനത്തിന്റെ ആദരസൂചകമായി തെരഞ്ഞെടുക്കണമെന്നാണ് ജില്ലാ ഭരണകൂടം അധികൃതർ ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫിസർമാർക്കും എക്സിക്യൂട്ടീവ് ഓഫിസർമാർക്കും നിർദേശങ്ങൾ കലക്ടറും ജില്ലാ മജിസ്ട്രേറ്റും നൽകിയിട്ടുണ്ട്. നിരോധനം കർശനമായി നടപ്പിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ തീരുമാനം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 എന്നിവ ലംഘിക്കുകയാണെന്ന് അഭിഭാഷകനായ സത്യബാദി മൊഹാപത്ര വ്യക്തമാക്കി.
റിപ്പബ്ലിക് ദിനം ഒരു മതപരമായ ആഘോഷമല്ലെന്നും മറിച്ച് ഒരു ദേശീയ ഉത്സവമാണെന്നും, ദൈനംദിന വിൽപ്പനയെ ആശ്രയിച്ച് ജീവിക്കുന്ന മാംസ-മത്സ്യ കച്ചവടക്കാരെ നിരോധനം ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി നിരോധനത്തിൽ നിരവധിപ്പേർ രംഗത്തെത്തി. നിരോധനത്തിന് പകരം മാംസാഹാരശാലകളുടെ പ്രവർത്തനം നിയന്ത്രിക്കാനും തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാനം നിലനിർത്താനും ഭരണകൂടത്തിന് കഴിയുമായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.



