ബ്രസ്സല്‍സ് – പുതുതായി സ്ഥാപിതമായ സമാധാന ബോര്‍ഡില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കിയിട്ടുള്ള വിശാലമായ അധികാരങ്ങളെ കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ വിഭാഗം ചോദ്യങ്ങള്‍ ഉന്നയിച്ചതായി ആഭ്യന്തര രേഖ വെളിപ്പെടുത്തുന്നു. ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് ആരംഭിച്ച പീസ് ബോര്‍ഡ് സംരംഭത്തില്‍ ചേരാന്‍ യു.എസ് പ്രസിഡന്റ് ലോക നേതാക്കളെ ക്ഷണിച്ചു. എന്നാല്‍ നിരവധി പാശ്ചാത്യ ഗവണ്‍മെന്റ് തലവന്മാര്‍ ഈ സമിതിയില്‍ ചേരാന്‍ വിസമ്മതിച്ചു. ട്രംപിന്റെ അധികാര ഏകീകരണത്തെ കുറിച്ച് ജനുവരി 19 ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുമായി പങ്കിട്ട രഹസ്യ വിശകലനത്തില്‍ യൂറോപ്യന്‍ എക്‌സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസ് ആശങ്ക പ്രകടിപ്പിച്ചു.
പീസ് ബോര്‍ഡിന്റെ ചാര്‍ട്ടര്‍ യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനാ തത്വങ്ങള്‍ അനുസരിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നു. യൂറോപ്യന്‍ യൂണിയന്‍ നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം, സമാധാന ബോര്‍ഡ് പ്രസിഡന്റിന് നല്‍കിയിട്ടുള്ള ഏകപക്ഷീയമായ അധികാരങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നും യൂറോപ്യന്‍ എക്‌സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസ് എഴുതി. ഗാസയിലെ സംഘര്‍ഷത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കഴിഞ്ഞ നവംബറില്‍ യു.എന്‍ രക്ഷാ സമിതി അംഗീകരിച്ച അധികാരത്തില്‍ നിന്ന് പുതിയ സമാധാന ബോര്‍ഡ് ഗണ്യമായി വ്യതിചലിക്കുന്നതായും രേഖയില്‍ പറയുന്നു. ഒരു അംഗരാജ്യത്തിന്റെ പങ്കാളിത്ത നിലവാരം തെരഞ്ഞെടുക്കുന്നതിന് പ്രസിഡന്റിന്റെ അംഗീകാരം ആവശ്യപ്പെടുന്ന ക്ലോസ്, ഓരോ അംഗരാജ്യത്തിന്റെയും സംഘടനാ സ്വയംഭരണത്തില്‍ അനാവശ്യമായ ഇടപെടലാണെന്ന് യൂറോപ്യന്‍ എക്‌സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസ് അതിന്റെ വിശകലനത്തില്‍ പ്രസ്താവിച്ചു.
വ്യാഴാഴ്ച ട്രംപ് പുതിയ സമാധാന ബോര്‍ഡിന് തുടക്കം കുറിച്ചു. ബോര്‍ഡില്‍ ട്രംപ് ആജീവനാന്തം അധ്യക്ഷനാകും. ഗാസയിലെ സംഘര്‍ഷം പരിഹരിച്ചുകൊണ്ട് ആരംഭിക്കുകയും തുടര്‍ന്ന് മറ്റ് സംഘര്‍ഷങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. അംഗത്വ കാലാവധി മൂന്ന് വര്‍ഷമാണ്. എന്നാല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനായി 100 കോടി ഡോളര്‍ സംഭാവന ചെയ്തുകൊണ്ട് ഏതൊരു രാജ്യത്തിനും സ്ഥിരാംഗമാകാം. ഈ ബോര്‍ഡ് പൂര്‍ണ്ണമായി രൂപീകരിച്ചുകഴിഞ്ഞാല്‍, ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് നമുക്ക് ആവശ്യമുള്ള എന്തും ചെയ്യാന്‍ കഴിയുമെന്ന് ട്രംപ് പറഞ്ഞു. യു.എന്നിന് വലിയ സാധ്യതകളുണ്ടെന്നും അവ ഉപയോഗപ്പെടുത്തിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തന വ്യാപ്തി, അതിന്റെ ഭരണം, യു.എന്‍ ചാര്‍ട്ടറുമായുള്ള അതിന്റെ അനുയോജ്യത എന്നിവയുമായി ബന്ധപ്പെട്ട് സമാധാന ബോര്‍ഡിന്റെ ചാര്‍ട്ടറിലെ ഏതാനും വ്യവസ്ഥകളെ കുറിച്ച് ഞങ്ങള്‍ക്ക് ഗുരുതരമായ ആശങ്കകളുണ്ട് – അറ്റ്‌ലാന്റിക് ബന്ധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറോപ്യന്‍ നേതാക്കളുടെ യോഗത്തിന് ശേഷം യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സമഗ്ര ഗാസ സമാധാന പദ്ധതി നടപ്പാക്കുന്നതില്‍ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണ്. യു.എന്‍ രക്ഷാ സമിതി പ്രമേയം 2803 അനുസരിച്ച് പീസ് ബോര്‍ഡ് ഒരു പരിവര്‍ത്തന സമിതി എന്ന നിലയില്‍ അതിന്റെ പങ്ക് നിറവേറ്റണമെന്ന് അന്റോണിയോ കോസ്റ്റ പറഞ്ഞു. ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി എന്നിവയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സമാധാന ബോര്‍ഡില്‍ ചേരില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.



