ദാവോസ് – സൗദി സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണത്തിലൂടെ എണ്ണയിതര മേഖലയില്‍ വരും വര്‍ഷങ്ങളില്‍ 4.5 ശതമാനം മുതല്‍ 5.5 ശതമാനം വരെ വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് സൗദി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിം പറഞ്ഞു. സ്വിറ്റ്‌സർലൻഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും വിഷന്‍ 2030-ലൂടെ വ്യക്തമായ നയസ്ഥിരത ഉറപ്പാക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഏറ്റവും മികച്ച രീതിയില്‍ മൂലധനം പ്രയോജനപ്പെടുത്തി സാമ്പത്തിക സ്വാധീനം പരമാവധിയാക്കുന്നതിനാണ് സൗദി അറേബ്യ നിലവില്‍ മുന്‍ഗണന നല്‍കുന്നത്. വായ്പയെടുക്കല്‍ പ്രക്രിയയെ ഭാവി വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കുമുള്ള ഒരു സഹായ ഉപകരണമായി മാത്രമാണ് രാജ്യം കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. എണ്ണയിതര ജി.ഡി.പിയിലെ ഈ സ്ഥിരതയാര്‍ന്ന വളര്‍ച്ച സൗദിയുടെ സാമ്പത്തിക ദിശയില്‍ വലിയ വ്യക്തതയാണ് നല്‍കുന്നത്.



