ജിദ്ദ – വിശുദ്ധ റമദാൻ മാസത്തിൽ സൗദി അറേബ്യയിലെ പള്ളികളുടെ പ്രവർത്തനങ്ങൾക്കായി ഇസ്‌ലാമിക കാര്യ മന്ത്രാലയം കർശനമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നമസ്‌കാര സമയങ്ങളിൽ പള്ളികൾക്ക് പുറത്തെ ഉച്ചഭാഷിണികളുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചു. ഉച്ചഭാഷിണികൾ ബാങ്കിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്തണമെന്നും ശബ്ദം പരമാവധി തോതിന്റെ മൂന്നിലൊന്നിൽ കൂടരുതെന്നും മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു.
റമദാനിലെ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാൻ പൊതുജനങ്ങളിൽ നിന്നും മറ്റും സംഭാവനകൾ ശേഖരിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ഇഫ്താർ പരിപാടികൾ ഇമാമിന്റെയും മുഅദ്ദിന്റെയും മേൽനോട്ടത്തിൽ പള്ളിമുറ്റങ്ങളിൽ മാത്രമേ നടത്താവൂ. ഭക്ഷണം കഴിച്ചാലുടൻ സ്ഥലം വൃത്തിയാക്കണമെന്നും പള്ളിക്കകത്ത് ഇഫ്താർ ഒഴിവാക്കണമെന്നും സർക്കുലറിൽ പറയുന്നു. കൂടാതെ, നമസ്‌കാരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനും പള്ളിക്കകത്ത് ഇമാമിനെയോ വിശ്വാസികളെയോ ക്യാമറയിൽ പകർത്തുന്നതിനും വിലക്കുണ്ട്.
ഇമാമുകളും മുഅദ്ദിനുകളും കൃത്യസമയത്ത് ജോലിക്ക് ഹാജരാകണം. ഇശാ ബാങ്ക് ഉമ്മുൽഖുറാ കലണ്ടർ പ്രകാരം നിശ്ചിത സമയത്ത് തന്നെ നിർവഹിക്കണം. തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളിൽ മിതമായ ദൈർഘ്യം പാലിക്കണമെന്നും ഖുനൂത്ത് പ്രാർത്ഥനകളിൽ പ്രവാചക മാതൃക പിന്തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി. പള്ളികളിൽ ഭിക്ഷാടനം അനുവദിക്കില്ല. ഇഅ്തികാഫ് ഇരിക്കുന്നവരുടെ വിവരങ്ങൾ പരിശോധിക്കണമെന്നും വിദേശികൾ സ്പോൺസറുടെ അനുമതി പത്രം കരുതണമെന്നും നിർദേശമുണ്ട്. സ്ത്രീകളുടെ നമസ്‌കാര സ്ഥലങ്ങൾ ഉൾപ്പെടെ പള്ളികളിലെ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.



