കെയ്‌റോ– യുദ്ധാനന്തര ഗാസ ഭരിക്കുന്നതിന്റെ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റിയുടെ ആദ്യ യോഗം കയ്‌റോയിൽ നടന്നു. യു.എസ് മധ്യസ്ഥതയിൽ ഗാസയിൽ നിലവിൽവന്ന ഗാസ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വന്നതോടെ ഗാസയിലെ ദൈനംദിന ഭരണം കൈയാളുന്നതിന്റെ ചുമതല നൽകി ബുധനാഴ്ച രൂപീകരിച്ച ഈ കമ്മിറ്റിയിൽ 15 ടെക്‌നോക്രാറ്റുകൾ ഉൾപ്പെടുന്നു.
യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പിന്തുണയുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പ്രധാന ചുവടുവെപ്പായ ഗാസ സമാധാന ബോർഡ് രൂപീകരിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫലസ്തീൻ കമ്മിറ്റി കയ്റോയിൽ യോഗം ചേർന്നത്. സമാധാന ബോർഡിലെ അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കുമെന്നും താൻ അതിന്റെ അധ്യക്ഷനാകുമെന്നും ട്രംപ് പറഞ്ഞു. ഏത് സമയത്തും ഏത് സ്ഥലത്തും രൂപീകരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും അഭിമാനകരവുമായ ബോർഡാണിതെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയെ സുരക്ഷിതമാക്കാനും ഫലസ്തീൻ പോലീസ് യൂണിറ്റുകൾക്ക് പരിശീലനം നൽകാനും അന്താരാഷ്ട്ര സ്ഥിരത സേനയെ വിന്യസിക്കണമെന്നും സമാധാന പദ്ധതി ആവശ്യപ്പെടുന്നു. ഗാസ ഭരണ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റിയെ ശക്തിപ്പെടുത്തേണ്ട ചുമതല മധ്യസ്ഥർക്കും അമേരിക്കക്കും അന്താരാഷ്ട്ര സമൂഹത്തിമാണെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസിം നഈം പറഞ്ഞു.
യു.എസ് പിന്തുണയുള്ള ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്നു. ഹമാസിന്റെ പക്കലുണ്ടായിരുന്ന എല്ലാ ഇസ്രായിലി ബന്ദികളെയും തിരികെ എത്തിക്കാനും ഗാസ യുദ്ധം അവസാനിപ്പിക്കാനും ഇത് സഹായിച്ചു. സഹായവസ്തുക്കളുടെ ക്ഷാമവും ആക്രമണങ്ങളും സംബന്ധിച്ച തുടർച്ചയായ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പദ്ധതിയുടെ രണ്ടാം ഘട്ടം ഇപ്പോൾ പുരോഗമിക്കുകയാണ്. വെടിനിർത്തൽ ആരംഭിച്ച ശേഷം ഇസ്രായിൽ സൈന്യം ഗാസയിൽ 451 ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്്.



