ജിദ്ദ – ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ടേക്ക്ഓഫ് വേഗത്തിലാക്കുന്നതിനായുള്ള നൂതനമായ ക്രോസ്ഓവർ (സ്റ്റാഗേഡ്) ടേക്ക്ഓഫ് സംവിധാനത്തിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അംഗീകാരം നൽകി. ഇതോടെ ഈ സംവിധാനം നടപ്പിലാക്കുന്ന സൗദി അറേബ്യയിലെ ആദ്യത്തെ വിമാനത്താവളമായി ജിദ്ദ മാറി. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായ സാങ്കേതിക സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതിനെത്തുടർന്നാണ് വിമാനത്താവളത്തിലെ മൂന്ന് റൺവേകളിലും ഈ സംവിധാനം ഏർപ്പെടുത്താൻ അനുമതി ലഭിച്ചത്.
റൺവേകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും വിമാനങ്ങൾ ഗ്രൗണ്ടിൽ ചിലവഴിക്കുന്ന സമയം കുറയ്ക്കാനും പുതിയ സംവിധാനം സഹായിക്കും. തിരക്കേറിയ സമയങ്ങളിൽ വിമാനങ്ങൾ ടാക്സി ചെയ്യുന്നതിനും പുറപ്പെടുന്നതിനുമുള്ള കാലതാമസം ഒഴിവാക്കാൻ ഇത് ഫലപ്രദമാണ്. വ്യോമഗതാഗത പ്രവാഹം സുഗമമാക്കുന്നതിലൂടെ യാത്രക്കാർക്ക് മികച്ച അനുഭവം നൽകാൻ വിമാനത്താവള അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നു.
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള സൗദിയുടെ ദേശീയ നയങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ നീക്കം. വിമാനങ്ങളുടെ ഗ്രൗണ്ട് ടേൺറൗണ്ട് സമയം കുറയുന്നതോടെ ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗണ്യമായി കുറയ്ക്കാൻ സാധിക്കും. വിഷൻ 2030-ന്റെ ഭാഗമായുള്ള ദേശീയ ഗതാഗത-ലോജിസ്റ്റിക്സ് തന്ത്രങ്ങൾക്കനുസൃതമായി ആഗോള വ്യോമയാന മേഖലയിലെ മുൻനിര കേന്ദ്രമായി ജിദ്ദ വിമാനത്താവളത്തെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നേട്ടം.



