ജിദ്ദ – സൗദി അറേബ്യയിൽ മുപ്പത് ലക്ഷം റിയാൽ കൊള്ളയടിച്ച കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ക്രിമിനൽ സംഘം രൂപീകരിച്ച് എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകുന്ന വാഹനങ്ങൾ ആക്രമിച്ച യെമൻ സ്വദേശി തുർക്കി അബ്ദുല്ല ഹസൻ അൽസഹ്‌റാനാണ് മക്ക പ്രവിശ്യയിൽ ശിക്ഷ നടപ്പാക്കിയത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇയാൾ കൊള്ള നടത്തിയത്.
എടിഎമ്മുകളിൽ പണം നിറയ്ക്കാൻ പോകുന്ന കവചിത വാഹനങ്ങളെ ലക്ഷ്യം വെച്ചായിരുന്നു പ്രതിയുടെ ആക്രമണങ്ങൾ. ജീവനക്കാരെ വെടിവെച്ച് പരിക്കേൽപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ശേഷമാണ് ഇയാൾ പണം കവർന്നത്. മുപ്പത് ലക്ഷത്തോളം റിയാലാണ് പ്രതി ഇത്തരത്തിൽ കൈക്കലാക്കിയത്. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ സുരക്ഷാ വിഭാഗം പിടികൂടുകയായിരുന്നു.
പ്രതിയുടെ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്ന് വിചാരണ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയും സൽമാൻ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതോടെയാണ് ശിക്ഷ നടപ്പാക്കിയത്. ഇതേ ദിവസം തന്നെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സുഡാൻ സ്വദേശി മുബശിർ അൽതാഹിർ അബ്ദുൽമഹ്‌മൂദ് മുഹമ്മദിന്റെ വധശിക്ഷയും മക്കയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



