ദോഹ– ജനപദ് മണ്ഡപത്തിൽ നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോക പുസ്തകമേളയിൽ ഖത്തർ ആകും ഈ വർഷത്തെ വിശിഷ്ടാതിഥി. ജനുവരി പത്തു മുതൽ പതിനെട്ടുവരെ നടക്കുന്ന പുസ്തകമേളയിൽ 30 രാജ്യങ്ങളിൽ നിന്നായി മുവായിരത്തോളം പവലിയനുകൾ ഉണ്ടാകും. രാജ്യത്തിന്റെ സാംസ്‌കാരിക തനിമകൾ വെളിവാക്കുന്ന ഖത്തർ സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന പവിലിയൻ ശ്രദ്ദേയമാകും.
ആഗോളതലത്തിൽ ഖത്തറി സാന്നിധ്യം ഉയർത്തിക്കാട്ടുന്നതിനും സാഹിത്യപരമായ മേഖലകൾ വൈവിധ്യമാർന്ന ആഗോള പ്രേക്ഷകർക്ക് പരിചയപ്പെട്ടുത്തുന്നതിനും അതുവഴി നൂതനാശയങ്ങൾക്കും സാംസ്കാരികവും നാഗരികവുമായ വൈവിധ്യങ്ങൾ പ്രകടമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി.
ആഗോള ചിന്തയും വിജ്ഞാനവും പരിപോഷിപ്പിക്കാൻ സഹായിച്ച ഏറ്റവും പുരാതനമായ മനുഷ്യ നാഗരികതകളിലൊന്നായ ഇന്ത്യൻ മണ്ണിൽ, സാംസ്കാരിക ഇടപഴകലിനുള്ള വേദിയാകുമിതെന്ന് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുവൈനൈൻ പറഞ്ഞു.
സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള അനുഭവങ്ങളോടുള്ള തുറന്ന മനസ്സിനും ഊന്നൽ നൽകുന്നതിനു പുറമേ, സാംസ്കാരിക സ്ഥാപനങ്ങളുമായും പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനും അറബ്, ആഗോള സാംസ്കാരിക രംഗത്തിന് പിന്തുണ നൽകുന്നതിനും ഖത്തർ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് പങ്കാളിത്തം.
സാഹിത്യം, കവിത, ചിന്ത, കല എന്നീ മേഖലകളിൽ ഖത്തരി ചിന്താശേഷികൾ അവതരിപ്പിക്കുന്നതിനും ആഗോള വേദികളിൽ അറബ് സംസ്‌കാരത്തിൻ്റെ സാന്നിധ്യം ഉറപ്പാക്കാനും ഈ സഹകരണം കൊണ്ട് സാധ്യമാകും .
ഖത്തറിൻ്റെ സാംസ്കാരിക പൈതൃക ചൈതന്യം പകർത്തുന്ന അർദ്ധ നൃത്തവും മറ്റ് പരമ്പരാഗത നാടോടി കലകളും ഖത്തരി നാടോടി ട്രൂപ്പിൻ്റെ
പങ്കാളിത്തത്തോടെ മേളയിൽ നടക്കുന്ന സാംസ്‌കാരിക പരിപാടിയിൽ അവതരിപ്പിക്കും.



