സി.പി.എമ്മിന്റെ ആശയങ്ങൾ ചാനൽ ചർച്ചകളിൽ ശക്തമായി പ്രതിരോധിച്ചിരുന്ന റെജി ലൂക്കോസിന്റെ ബി.ജെ.പി പ്രവേശനം ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് എന്ന കാര്യത്തിൽ സംശയമില്ല. കേവലം ഒരു വ്യക്തിയുടെ മാറ്റം എന്നതിലുപരി, പാർട്ടി തങ്ങളുടെ വക്താക്കളെയും സഹയാത്രികരെയും തിരഞ്ഞെടുക്കുന്നതിൽ പുലർത്തുന്ന മാനദണ്ഡങ്ങൾ എത്രത്തോളം പാളുന്നു എന്നതിന്റെ തെളിവുകൂടിയാണ് റെജി ലൂക്കോസിന്റെ ചുവടുമാറ്റൽ. പതിമൂന്നു വർഷത്തിലേറെയായി ചാനൽ ചർച്ചകളിൽ സി.പി.എമ്മിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് റെജി ലൂക്കോസ്. മാത്രമല്ല, സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിൽ കടുത്തുരുത്തിയെ പ്രതിനിധീകരിച്ച് പങ്കെടുത്തയാളുമാണ് ഇദ്ദേഹം. എ.കെ ബാലന്റെ പ്രസ്താവനയിൽ വിയോജിപ്പ് രേഖപ്പെടുത്തിയാണ് റെജി ലൂക്കോസ് ഏറ്റവും ഒടുവിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. അതിന് പിന്നാലെ അദ്ദേഹം ബി.ജെ.പിയിലേക്ക് മാറുകയും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കുകയും ചെയ്തു.
പാർട്ടി ആശയങ്ങളോട് ആത്മാർത്ഥമായ പ്രതിബദ്ധതയുള്ളവർക്ക് പകരം, താൽക്കാലിക ലാഭങ്ങൾക്കോ സെലിബ്രിറ്റി പരിവേഷത്തിനോ വേണ്ടി ചാനൽ മുഖങ്ങളെയും “സഹയാത്രികരെയും” വാഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടിക്ക് ദോഷം ചെയ്യുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റെജി ലൂക്കോസ്. ആശയപരമായ അടിത്തറയില്ലാത്ത ഇത്തരം ആളുകൾ അവസരം ലഭിക്കുമ്പോൾ മറുപക്ഷത്തേക്ക് ചേക്കേറുന്നത് പാർട്ടിയുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
ഇന്നലെ വരെ ബി.ജെ.പിയുടെ രാഷ്ട്രീയത്തെ കടന്നാക്രമിച്ചിരുന്ന ഒരാൾ ഇന്ന് അതേ പതാകയേന്തുന്നത് കാണുമ്പോൾ സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്കിടയിൽ അത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് വെല്ലുവിളിയാകും.
അതേസമയം, റെജി ലൂക്കോസിന്റെ മാറ്റം ഒരു തുടക്കം മാത്രമാണെന്ന സൂചനകൾ ശക്തമാണ്. നിലവിൽ സി.പി.എമ്മിനോട് ചേർന്ന് നിൽക്കുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണയ്ക്കുന്ന വിഭാഗവും സമാനമായ പാതയിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ന്യൂനപക്ഷ പ്രീണനവും സാമുദായിക സമവാക്യങ്ങളിലെ മാറ്റങ്ങളും ചൂണ്ടിക്കാട്ടി, ഈ വിഭാഗവും അധികം വൈകാതെ സി.പി.എം വിട്ട് ബി.ജെ.പി പാളയത്തിലേക്ക് നീങ്ങാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.
കേരളത്തിലെ ഹിന്ദു വോട്ടുകളിൽ ബി.ജെ.പി നടത്തുന്ന കടന്നുകയറ്റം തടയാൻ സി.പി.എമ്മിന് കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഇത്തരം മാറ്റങ്ങൾ. വക്താക്കളുടെയും ഘടകകക്ഷികളുടെയും വിയോജിപ്പുകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരള രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ കരുത്തിന് വലിയ രീതിയിലുള്ള വിള്ളലുകൾ സംഭവിക്കുമെന്ന് ഉറപ്പാണ്. ഇടതുപക്ഷത്തിന് സംഭവിക്കുന്ന പാളിച്ച സംഘ്പരിവാറിന്റെ വളർച്ചക്കായിരിക്കും കേരളത്തിൽ ശക്തിപകരുക.



