തിരൂര്‍ – തിരൂരിലെ പൗരപ്രമുഖനും പ്രമുഖ വ്യവസായിയുമായ സഫിയ ട്രാവൽസ് സ്ഥാപകൻ തയ്യിൽ കാദർ ഹാജി അന്തരിച്ചു. 91 വയസ്സായിരുന്നു. കട്ടച്ചിറ സ്വദേശിയായ അദ്ദേഹം പ്രവാസലോകത്തും നാട്ടിലും ഒരുപോലെ ആദരിക്കപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു. ദാരിദ്ര്യം നിറഞ്ഞ കാലഘട്ടത്തിൽ മുംബൈയിലേക്ക് കുടിയേറിയ കാദർ ഹാജി, കോതി കപ്പൽ കമ്പനിയിലെ സീപോർട്ടിൽ ജോലിക്കാരനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അവിടെ വെച്ച് പ്രവാസികളെ ലോഞ്ചുകൾ വഴി വിദേശത്തേക്ക് അയക്കുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഇതാണ് പിൽക്കാലത്ത് അദ്ദേഹത്തെ ട്രാവൽ രംഗത്തെ മുൻനിരക്കാരനാക്കി മാറ്റിയത്.
1984-ൽ ഔദ്യോഗിക ലൈസൻസ് ലഭിച്ചതോടെ സഫിയ ട്രാവൽസ് വലിയ വളർച്ച കൈവരിച്ചു. അക്കാലത്ത് മുംബൈയിലെത്തുന്ന പ്രവാസികൾക്ക് കാദർ ഹാജിയുടെ ഓഫീസ് ഒരു സുരക്ഷിത താവളമായിരുന്നു. കുറ്റകൃത്യങ്ങൾ പെരുകിയിരുന്ന മുംബൈ നഗരത്തിൽ നാട്ടിൽ നിന്ന് എത്തുന്നവർക്കും വിദേശത്തുനിന്ന് മടങ്ങിവരുന്നവർക്കും അഭയവും സഹായവും നൽകുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു. സത്യസന്ധതയും വിശ്വസ്തതയും അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അടിത്തറയായിരുന്നു.
പരേതയായ ബീക്കുട്ടി ഹജ്ജുമ്മയും സൈനബയുമാണ് ഭാര്യമാർ. സഫിയ ട്രാവൽസ് എം.ഡി സൈദ് മുഹമ്മദ് എന്ന കുഞ്ഞിപ്പ, മറിയാമു, ഫാത്തിമ, സഫിയ എന്നിവരാണ് മക്കൾ. കുഞ്ഞാലൻ ഹാജി കണ്ണംകുളം, കുഞ്ഞലവി കെ.ടി (കുഞ്ഞാപ്പു കോട്ടക്കൽ), അബ്ദുൽ ഹമീദ് ടി. കെ എന്നിവർ മരുമക്കളാണ്.



