അബുദാബി– ഒരുമിച്ചു കളിച്ചു വളർന്ന സഹോദരങ്ങളായ ആ നാല് കുട്ടികൾക്ക് ഇന്ന് ദുബൈയുടെ മണ്ണിൽ അന്ത്യ വിശ്രമം. കഴിഞ്ഞ ദിവസം അബുദാബിയിൽ അപകടത്തിൽപ്പെട്ട മലയാളി കുടുംബത്തിലെ നാലാമത്തെ കുട്ടി അസ്സാം അബ്ദുൽ ലത്തീഫും (8) മരിച്ചതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന സഹോദരങ്ങളായ മൂന്ന് കുട്ടികളുടെ സംസ്കാര ചടങ്ങുകൾ നാലാമത്തെ കുട്ടിയുടെ മരണം സ്ഥിരികരിച്ചതോടെ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12.30ന് ദുബൈ മുഹൈസിന 2ലെ(സോണാപൂർ) അൽ ഷുഹാദ പള്ളിയിൽ നടക്കുന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം പള്ളിക്ക് സമീപമുള്ള കബർസ്ഥാനിലാണ് നാലു സഹോദരങ്ങളും നിത്യനിദ്രയിലാവുക.
അതേസമയം, മരിച്ച വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ഉപ്പ അബ്ദുൽ ലത്തീഫും ഉമ്മ റുക്സാനയും സഹോദരിയും ചികിത്സയിലാണ്. ലിവ ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടമാണ് കുടുംബത്തെ കീഴ്മേൽ മറിച്ചത്.



