ജിദ്ദ – ഒമ്പതു വര്‍ഷം നീണ്ട ഇടവേളക്കു ശേഷം ഇറാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തി. ആദ്യ ഉംറ സംഘത്തെ സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി രിദ ഇനായതിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് മദീന എയര്‍പോര്‍ട്ടില്‍ ഊഷ്മളമായി സ്വീകരിച്ചു. 2023 മാര്‍ച്ചില്‍ സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിനെ തുടര്‍ന്ന് ഉഭയകക്ഷി കരാര്‍ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇറാനില്‍ നിന്നുള്ള ഉംറ യാത്രകള്‍ പുനരാരംഭിക്കുന്നതെന്ന് അലി രിദ ഇനായതി പറഞ്ഞു.
ആദ്യ ഉംറ സംഘത്തെ യാത്രയാക്കാന്‍ ഇറാനിലെ സൗദി അംബാസഡര്‍ അബ്ദുല്ല അല്‍അനസിയും തെഹ്‌റാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. അടുത്ത ഹജ് സീസണ്‍ ആരംഭിക്കുന്നതു വരെ വരും ദിവസങ്ങളില്‍ ഇറാനില്‍ നിന്നുള്ള ഉംറ സര്‍വീസുകള്‍ തുടരും. ഹജിനു ശേഷവും ഉംറ സര്‍വീസുകള്‍ തുടരും. ഉംറ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ വളരെ എളുപ്പത്തിലും വേഗത്തിലുമാണ് പൂര്‍ത്തിയാക്കുന്നത്. ഇറാന്‍ തീര്‍ഥാടകര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കിയതിന് സൗദി അധികൃതര്‍ക്ക് നന്ദി പറയുകയാണെന്നും ഇറാന്‍ അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാനിലെ 11 എയര്‍പോര്‍ട്ടുകള്‍ വഴി ഉംറ തീര്‍ഥാടകര്‍ക്ക് യാത്രാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇറാന്‍ അധികൃതര്‍ പറഞ്ഞു. ഹജിനു മുമ്പായി ഉംറ തീര്‍ഥാടകര്‍ക്കു വേണ്ടി വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് 22 സര്‍വീസുകളാണ് നടത്തുക. ഇതില്‍ ഓരോ സര്‍വീസുകളിലും 260 തീര്‍ഥാടകര്‍ വീതമുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.
നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10 ന് ആണ് സൗദി അറേബ്യയും ഇറാനും ബെയ്ജിംഗില്‍ വെച്ച് ചൈനയുടെ മധ്യസ്ഥതയില്‍ കരാര്‍ ഒപ്പുവെച്ചത്. വൈകാതെ ഇരു രാജ്യങ്ങളും തങ്ങളുടെ എംബസികള്‍ തുറക്കുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ 11 ന് റിയാദില്‍ നടന്ന അറബ്, ഇസ്‌ലാമിക് സംയുക്ത ഉച്ചകോടിക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ചര്‍ച്ച നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group