തെല്‍അവീവ് – ഫലസ്തീൻ തടവുകാരെ പാർപ്പിക്കാനായി മുതലകളാൽ ചുറ്റപ്പെട്ട ജയിൽ നിർമ്മിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേൽ ജയിൽ സർവീസ് ഡെപ്യൂട്ടി കമ്മീഷണർ ഹെയ്മത് ഗാദിറിലെ മുതല ഫാം സന്ദർശിച്ചു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ മുന്നോട്ടുവെച്ച ഈ പദ്ധതിക്ക് അമേരിക്കൻ മാതൃകയിൽ നിന്നാണ് പ്രചോദനം ലഭിച്ചത്.
ഫ്‌ലോറിഡയിലെ എവർഗ്ലേഡ്‌സ് നാഷണൽ പാർക്കിൽ മുതലകൾ സ്വാഭാവികമായി വസിക്കുന്ന മേഖലയിൽ ജയിൽ സ്ഥാപിക്കാനുള്ള മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശയമാണ് ഇതിന് അടിസ്ഥാനം. സാധാരണ ജയിൽ മതിലുകൾക്ക് പകരം വന്യമൃഗങ്ങളുടെ സാന്നിധ്യം വഴി തടവുകാർ രക്ഷപ്പെടുന്നത് തടയുക എന്നതാണ് ഈ വിചിത്രമായ പദ്ധതിയൂടെ ലക്ഷ്യം. തടവുകാർക്കിടയിൽ ജയിൽ ചാടാനുള്ള ശ്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച് ഇസ്രായേൽ ഭരണകൂടം ആലോചിക്കുന്നത്.



