ജിദ്ദ – സൗദിയിൽ കഴിഞ്ഞ വർഷം വിമാന യാത്രക്കാരുടെ എണ്ണം ഒമ്പതു ശതമാനം തോതിൽ വർധിച്ച് 13.5 കോടിയിലെത്തി. 2024ൽ വിമാന യാത്രക്കാർ 12.8 കോടിയായിരുന്നു. കഴിഞ്ഞ കൊല്ലം ആദ്യത്തെ ഒമ്പത് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം 10.3 കോടിയിലെത്തി. ഉംറ സീസൺ, അന്താരാഷ്ട്ര യാത്രക്കുള്ള ആവശ്യകതയിലുണ്ടായ വർധനവ്, ലക്ഷ്യസ്ഥാന ശൃംഖലയുടെ തുടർച്ചയായ വികാസം എന്നിവയുടെ പിന്തുണയോടെ അവസാന പാദത്തിൽ വളർച്ച കൂടുതൽ വേഗത്തിൽ തുടർന്നു.
സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വർഷത്തിനിടെ വിമാന യാത്രക്കാരുടെ എണ്ണം 13.5 കോടി കവിയുന്നത്. വ്യോമഗതാഗതത്തിലെ ത്വരിതഗതിയിലുള്ള വളർച്ചയെയും വ്യോമഗതാഗതത്തിനുള്ള പ്രാദേശിക, ആഗോള കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ശക്തമാകുന്നതിനെയും ഇത് പ്രതിഫലിപ്പിക്കുന്നു. വ്യോമയാന മേഖല വീണ്ടെടുക്കൽ ഘട്ടത്തിൽ നിന്ന് സ്ഥിരമായ റെക്കോർഡ് വളർച്ചയിലേക്കുള്ള പരിവർത്തനത്തിലേക്ക് നീങ്ങിയതായി ഇത് വ്യക്തമാക്കുന്നു.
പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിലൂടെയും വിമാനത്താവളങ്ങളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെയും ദേശീയ വിമാനക്കമ്പനികളുടെ വിപുലീകരണ പദ്ധതികളെ പിന്തുണക്കുന്നതിലൂടെയും ദേശീയ പരിവർത്തന പ്രോഗ്രാം ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതിലൂടെയും സൗദി വിമാനത്താവളങ്ങളുടെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിലൂടെയും നടത്തിയ നിയന്ത്രണപരവും പ്രവർത്തനപരവുമായ ശ്രമങ്ങൾ ഈ മികച്ച പ്രകടനത്തിന് സഹായിച്ചു. റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ പ്രധാന വിമാനത്താവളങ്ങൾ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച കൈവരിച്ചു.



