ജിദ്ദ – സൗദിയിലെ ലേബർ കോടതികളിൽ 2025ൽ 1,56,731 തൊഴിൽ കേസുകൾ സ്വീകരിച്ചതായി നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി. അവയിൽ തീർപ്പുകൽപ്പിക്കാൻ 3,23,595 സിറ്റിംഗുകൾ നടത്തി. 1,38,508 തൊഴിൽ കേസുകളിൽ കോടതികൾ വിധികൾ പ്രസ്താവിച്ചു.
നവംബറിലാണ് ഏറ്റവും കൂടുതൽ തൊഴിൽ കേസുകൾ കോടതികളിലെത്തിയത്. നവംബറിൽ 17,627 കേസുകൾ കോടതികളിലെത്തി. ഏറ്റവും കുറവ് ജൂണിലായിരുന്നു. ജൂണിൽ 8,239 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ 11,568 ഉം ഫെബ്രുവരിയിൽ 10,397 ഉം മാർച്ചിൽ 9,533 ഉം ഏപ്രിലിൽ 11,897 ഉം മെയ് മാസത്തിൽ 12,308 ഉം ജൂലൈയിൽ 16,167 ഉം ഓഗസ്റ്റിൽ 14,256 ഉം സെപ്റ്റംബറിൽ 13,084 ഉം ഒക്ടോബറിൽ 17,017 ഉം ഡിസംബറിൽ 14,638 ഉം തൊഴിൽ കേസുകൾ കോടതികളിൽ സ്വീകരിച്ചു.
സൗദിയിൽ പ്രധാന നഗരങ്ങളിലും പ്രവിശ്യകളിലും തൊഴിൽ കേസുകൾക്ക് പ്രത്യേക കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ ജനറൽ കോടതികളോട് ചേർന്ന പ്രത്യേക ബെഞ്ചുകളാണ് തൊഴിൽ കേസുകൾ പരിഗണിക്കുന്നത്. സൗദിയിൽ സമീപ കാലത്താണ് തൊഴിൽ കേസുകൾക്ക് പ്രത്യേക കോടതികളും ബെഞ്ചുകളും സ്ഥാപിച്ചത്. അതിനു മുമ്പ് ലേബർ ഓഫീസുകളോട് ചേർന്ന തൊഴിൽ തർക്ക പരിഹാര സമിതികളാണ് ലേബർ കോടതികളെ പോലെ പ്രവർത്തിച്ചിരുന്നത്. കേസ് വിചാരണക്ക് കക്ഷികൾ ഹാജരാകാത്തത് അടക്കമുള്ള കാരണങ്ങളാൽ കേസുകളിൽ തീർപ്പ് കൽപിക്കുന്നത് അനന്തമായി നീണ്ടുപോകുന്നത് അടക്കമുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്നോണവും കക്ഷികൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാനുമാണ് ജുഡീഷ്യൽ പരിഷ്‌കാരങ്ങളുടെ ഭാഗമായി തൊഴിൽ കേസുകൾക്ക് പ്രത്യേക കോടതികൾ സ്ഥാപിച്ചത്.
നിലവിൽ പ്രാബല്യത്തിലുള്ള രീതി അനുസരിച്ച് ലേബർ ഓഫീസുകളോട് ചേർന്ന് പ്രവർത്തിക്കുന്ന തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗത്തിനാണ് ആദ്യം തൊഴിൽ പരാതികൾ നൽകേണ്ടത്. ഇരു വിഭാഗവുമായി ചർച്ചകൾ നടത്തി തൊഴിൽ കേസുകൾ രമ്യമായി പരിഹരിക്കാൻ തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗം ശ്രമിക്കും. ഇരുപത്തിയൊന്നു ദിവസത്തിനകം അനുരഞ്ജന പരിഹാരം സാധ്യമാകാത്ത കേസുകൾ വിചാരണ ചെയ്ത് തീർപ്പ് കൽപിക്കാനായി ലേബർ കോടതിക്ക് കൈമാറും. കോടതികളിലെ തിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.



