തെല്‍അവീവ് – സ്വതന്ത്ര ആയുധ വ്യവസായം വികസിപ്പിക്കാനായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇസ്രായില്‍ 350 ബില്യണ്‍ ഷെക്കലിന്റെ (ഏകദേശം 11,000 കോടി അമേരിക്കന്‍ ഡോളര്‍) നിക്ഷേപങ്ങള്‍ നടത്തുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. അടുത്ത ദശകത്തില്‍ ഇസ്രായില്‍ രാഷ്ട്രത്തിനായി സ്വതന്ത്ര ആയുധ വ്യവസായം നിര്‍മ്മിക്കുന്നതിന് ആകെ 350 ബില്യണ്‍ ഷെക്കല്‍ നീക്കിവെക്കാന്‍ ഞാന്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് തെക്കന്‍ ഇസ്രായിലിലെ വ്യോമസേനാ താവളത്തില്‍ നടന്ന സൈനിക ചടങ്ങില്‍ നെതന്യാഹു വ്യക്തമാക്കി. ഏതെങ്കിലും രാജ്യത്തെ ആശ്രയിക്കുന്നത് കുറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭാവിയിലെ യുദ്ധക്കളങ്ങളില്‍ ഇസ്രായിലിന്റെ മികവ് ഉറപ്പാക്കുന്ന ആയുധ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ നമ്മുടെ പ്രതിരോധ വ്യവസായങ്ങളിലെ ഏറ്റവും മികച്ച പ്രതിഭകള്‍ പ്രവര്‍ത്തിക്കും. പുതിയ ഇസ്രായിലി വ്യോമസേന പൈലറ്റുമാരുടെ ബിരുദദാന ചടങ്ങില്‍ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ആയുധ മേഖലയില്‍ ഏതെങ്കിലും രാജ്യത്തിന് പൂര്‍ണ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. പക്ഷേ, നമ്മുടെ ആയുധങ്ങള്‍ കഴിയുന്നത്ര ഇസ്രായിലില്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നമ്മള്‍ പരിശ്രമിക്കും. ഇസ്രായില്‍ രാജ്യത്തിനായി സ്വതന്ത്ര ആയുധ വ്യവസായം കെട്ടിപ്പടുക്കുകയും സഖ്യകക്ഷികള്‍ ഉള്‍പ്പെടെ ഏതെങ്കിലും കക്ഷിയെ ആശ്രയിക്കുന്നത് കുറക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എല്ലാ കക്ഷികളെയും ആശ്രയിക്കുന്നത് കുറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട 2023 ഒക്ടോബര്‍ ഏഴു മുതല്‍ അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി എന്നിവയുള്‍പ്പെടെ ഇസ്രായിലിന്റെ സഖ്യകക്ഷികള്‍ ഇസ്രായിലിനുള്ള ആയുധ വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടർന്നാണ് ഈ നീക്കം.
ഈ ആയുധങ്ങള്‍ സ്വന്തമാക്കുന്നത് തടയേണ്ട ആരെയും ഇസ്രായില്‍ തടയുമെന്ന് അമേരിക്കയില്‍ നിന്ന് എഫ്-35 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കായി തുര്‍ക്കി നടത്തുന്ന ശ്രമത്തെ പരോക്ഷമായി സൂചിപ്പിച്ച് നെതന്യാഹു വ്യക്തമാക്കി. മധ്യപൗരസ്ത്യദേശത്ത് ഇസ്രായിലിന്റെ വ്യോമ മേധാവിത്വം നമ്മുടെ ദേശീയ സുരക്ഷയുടെ മൂലക്കല്ലാണ്. ഇത് ഇസ്രായിലിന്റെ വിദഗ്ധരായ പൈലറ്റുമാരെയും ലോകത്തിലെ ഏറ്റവും മികച്ച വിമാനങ്ങളെയും ആശ്രയിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത്, റഷ്യയില്‍ നിന്ന് തുര്‍ക്കി എസ്-400 സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റം വാങ്ങിയതിനെ തുടര്‍ന്ന്, നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിയെ അമേരിക്ക അവരുടെ പ്രധാന എഫ്-35 യുദ്ധവിമാന പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വ്യോമശക്തി ശക്തിപ്പെടുത്താനായി, ഇസ്രായില്‍ പോലുള്ള പ്രാദേശിക എതിരാളികളുമായുള്ള വിടവ് നികത്താന്‍ ലക്ഷ്യമിട്ട്, തുര്‍ക്കി യൂറോപ്യന്‍ പങ്കാളികളോടും അമേരിക്കയോടും ഈ യുദ്ധവിമാനങ്ങള്‍ വേഗത്തില്‍ സ്വന്തമാക്കാനുള്ള വഴികള്‍ നിര്‍ദേശിച്ചു. ലോകത്ത് ഇസ്രായിലിനെ ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്രായില്‍ വംശഹത്യ നടത്തിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവര്‍ത്തിച്ച് ആരോപിക്കുകയും ഹമാസിനെ പ്രശംസിക്കുകയും ചെയ്തു.



